ഒരു ലക്ഷം കണക്ഷന്‍; നാഴികക്കല്ല് പിന്നിട്ട് കെ ഫോണ്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണിത്. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനകമാണ് നേട്ടം.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ എന്നതാണ് ലക്ഷ്യം. ചുരുങ്ങിയ കാലത്തിനുളളില്‍ കേരളത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കായി കെ ഫോണ്‍ വളര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്ന് എം ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.

ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് കെ ഫോണ്‍ അധികൃതര്‍ ആഘോഷമാക്കി. സന്തോഷ് ബാബുവിനൊപ്പം ഐ ടി സ്‌പെഷ്യല്‍ സെക്രട്ടറിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. 2023 ജൂണിലാണ് സ്വപ്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. തുടക്കത്തിലെ മന്ദതയ്ക്ക് ശേഷം പദ്ധതി ട്രാക്കിലായി തുടങ്ങി. അതിന്റെ ആദ്യ നേട്ടമാണ് ഒരു ലക്ഷം കണക്ഷന്‍. ആദിവാസി ഊരുകളെ പൂര്‍ണമായി ഇന്റര്‍നെറ്റ് വത്കരിക്കാനുള്ള ദൗത്യമാണ് ഇനി കെ ഫോണിന് മുന്നിലുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ 51 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 230 കോടി രൂപയായി ഉയര്‍ത്താനും ഇന്റര്‍നെറ്റ് സേവന ദാതാവ് ലക്ഷ്യമിടുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) 11,402 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*