ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന്റെ ആദ്യ യോഗം ചേര്‍ന്നത്. ഒട്ടേറെ വെല്ലുവിളികളോടെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി രണ്ടാം നൂറ്റാണ്ടിലേക്ക് കാലെടുത്ത് വക്കുന്നത്. (100 years since the formation of Communist Party in India)
1920കളുടെ തുടക്കത്തില്‍ ഇന്ത്യയിലെ പലയിടത്തും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ പിറന്നു. ബോംബെയില്‍ എസ്എ ഡാങ്കെ, കൊല്‍ക്കത്തയില്‍ മുസഫ്ഫര്‍ അഹ്മദദ്, മദ്രാസില്‍ എം ശിങ്കാരവേലു ചെട്ടിയാര്‍, ലാഹോറില്‍ ഗുലാം ഹുസെയ്‌നി എന്നിവര്‍ വിത്തു പാകി. രഹസ്യമായിരുന്നു ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.1921 ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോ വിതരണം നടന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വരാജ് ആണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം മൗലാനഹസ്രത്ത് മൊഹാനി അവതരിപ്പിച്ചു. സത്യഭക്ത, വിതരണം ചെയ്ത ലഘുലേഖയിലൂടെ 1925 ഡിസംബര്‍ 26 മുതല്‍ 28 വരെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ കാണ്‍പൂരില്‍ സമ്മേളിച്ചു. ആ സമ്മേളനത്തിലാണ് ഗ്രൂപ്പുകള്‍ ഒത്തു ചേര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേര് സ്വീകരിച്ചത്.
തേഭാഗയും,തെലങ്കാനയും പുന്നപ്രയും വയലാറും പോലെ എണ്ണമറ്റ പോര്‍ മുഖങ്ങളില്‍ ധീരതയും പോരാട്ടവീര്യവും കാഴ്ചവച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്. ജനാധിപത്യപരമായി ഭരണം പിടിച്ചെടുത്ത അപൂര്‍വ്വ അനുഭവങ്ങള്‍ തുടക്കകാലത്തുണ്ടായി. ഇന്ത്യന്‍ അവസ്ഥയും സ്വന്തം വഴിയും നിശ്ചയിക്കുന്നതിലെ നിരന്തരമായ കലഹങ്ങളാണ് പാര്‍ട്ടി ആദ്യകാലങ്ങളില്‍ നേരിട്ടത്. പല പല പിളര്‍ന്നു മാറലുകള്‍, ദേശീയതയോട് എതിരിടാനാകാത്ത ദൗര്‍ബല്യങ്ങള്‍ തുടങ്ങിയവ പാര്‍ട്ടി നേരിട്ടു.
ഇപ്പോള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ശോഷിച്ചു ദേശീയ പാര്‍ട്ടി പദവി പോലും നഷ്ടപ്പെട്ടു പകച്ചു നില്‍ക്കുകയാണ് സിപിഐ. അതിതീവ്ര വര്‍ഗീയ- സാമ്രാജ്യത്വ കൂട്ടുകെട്ടിനെ നേരിടാന്‍ ഇപ്പോഴും പുതു വഴികള്‍ തേടുകയാണ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റുകള്‍. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ തുടങ്ങിയപ്പോഴേതിനേക്കാള്‍ പരുക്കുകളേറ്റ് ചുവന്നു നില്‍ക്കുകയാണ് ചെങ്കൊടി.



Be the first to comment