ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു.

48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ വീതെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശിക അടക്കം 35,089 രൂപ നല്‍കി. 90000 കോടി രൂപ ഒന്ന് രണ്ട് പിണറായി സര്‍ക്കാര്‍ക്ഷേമപെന്‍ഷനായി നല്‍കി – അദ്ദേഹം വിശദമാക്കി.

സ്ത്രീ സുരക്ഷാ പെന്‍ഷനായി 3,820 കോടി രൂപയും നീക്കിവെച്ചു. നിലവില്‍ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്ക് വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഏകദേശം ഒരു കോടി ജനങ്ങളിലേക്ക് സര്‍ക്കാര്‍ സഹായം എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റില്‍ ആശമാര്‍ക്കും ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവര്‍ക്ക് കൂട്ടിയത്. അങ്കണവാടി വര്‍ക്കര്‍ക്ക് 1000 കൂട്ടിയപ്പോള്‍ ഹെല്‍പ്പല്‍മാര്‍ക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാര്‍ക്ക് 1000 രൂപയും വര്‍ധിപ്പിച്ചു.

ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികള്‍ ഓരോന്നായി ചര്‍ച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*