സ്‌കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കിടയിലേക്ക് കാറിടിച്ച് കയറ്റിയത് പതിനാറുകാരൻ: ലൈസൻസ് നൽകുന്നത് 25 വയസ് വരെ തടഞ്ഞു

പേരാമ്പ്രയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് എംവിഡിയും പോലീസും. കാര്‍ ഓടിച്ചത് പതിനാറുവയസുകാരന്‍ ആണെന്നാണ് വിവരം. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. പതിനാറുവയസുകാരന് ലൈസന്‍സ് നല്‍കുന്നത് 25 വയസ് വരെ തടഞ്ഞു.

കൂത്താളി വൊക്കേഷണല്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലായിരുന്നു സംഭവമുണ്ടായത്. ഉപജില്ലാ കലോത്സവം കാരണം സ്‌കൂളിന് അവധിയായിരുന്നു. ഫുട്‌ബോള്‍ ടീം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ രാവിലെ പത്തരയോടെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയാണ് കാറെത്തിയത്. വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

പിന്നാലെ കാറുപയോഗിച്ചുളള അഭ്യാസപ്രകടനവും നടന്നു. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര്‍ റോഡിലേക്ക് കടന്നു. പിന്നീട് അതിവേഗം ഓടിച്ചുപോയി. തുടര്‍ന്ന് അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പൈതോത്ത് സ്വദേശിയുടേതാണ് കാര്‍ എന്ന് തിരിച്ചറിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*