മുംബൈയില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ ബന്ദികളാക്കിയ 17 കുട്ടികളെ മുംബൈ പോലീസ് മോചിപ്പിച്ചു. അഭിനയ ക്ലാസിനെത്തിയ കുട്ടികളെയാണ് സ്റ്റുഡിയോയില്‍ ബന്ദികളാക്കിയത്. മുംബൈയിലെ പവായിലാണ് സംഭവം നടന്നത്. രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയത്. ഇയാളെ പോലീസ് പിടികൂടുകയും കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു.
അഭിനയ ക്ലാസില്‍ അതിനാടകീയമായ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. കുട്ടികളെ ബന്ദികളാക്കിയ ശേഷം രോഹിത് ഷൂട്ട് ചെയ്ത ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിനുള്ള സാഹചര്യമൊരുക്കിയില്ലെങ്കില്‍ താന്‍ തീയിടുമെന്നും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് വിഡിയോയില്‍ പറയുന്നത്. ഇയാള്‍ ആരെ അഭിമുഖീകരിച്ചുകൊണ്ടാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല. എനിക്ക് ചില നിസാരമായ, ധാര്‍മികമായ ചില ആവശ്യങ്ങളുണ്ട്. അത് നേടിയെടുക്കാനുള്ള പദ്ധതിയാണ് ഇതെന്നും തനിക്ക് പണം വേണ്ടെന്നും താന്‍ തീവ്രവാദിയല്ലെന്നും രോഹിത് വിഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആര്‍എ സ്റ്റുഡിയോസില്‍ ഫിലിം ഓഡിഷന് വേണ്ടി എത്തിയതായിരുന്നു കുട്ടികള്‍. ഈ കെട്ടിടത്തില്‍ നിന്ന് ചില എയര്‍ ഗണ്ണുകളും ചില രാസവസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ആരാണെന്നും ഇയാള്‍ ഇങ്ങനെ ചെയ്യാനുണ്ടായ സാഹചര്യമെന്താണെന്നും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.



Be the first to comment