
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് കനത്ത തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കുകയാണ്. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഈ നടപടിയോടെ ജാക്വലിൻ കേസിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായി.
സുകേഷ് ചന്ദ്രശേഖരൻ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ജാക്വലിനെ പ്രതിചേർത്തത്. തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നും സുകേഷിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നുമാണ് നടി വാദിക്കുന്നത്. എന്നാൽ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി ജാക്വലിൻ നിയമപോരാട്ടത്തിലാണ്.
ഫോർട്ടിസ് ഹെൽത്ത്കെയർ മുൻ പ്രൊമോട്ടർ ശിവീന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങിന്റെ പരാതിയെത്തുടർന്നാണ് ഈ വൻ തട്ടിപ്പ് പുറത്തുവന്നത്. ജയിലിൽ കഴിയുകയായിരുന്ന തന്റെ ഭർത്താവിനെയും സഹോദരനെയും പുറത്തിറക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് സുകേഷ് ചന്ദ്രശേഖരനും സംഘവും അതിഥി സിങ്ങിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തു. ഈ തുക കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസിൽ സുകേഷ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ലീന മരിയ പോൾ എന്നിവരുൾപ്പെടെ ഇരുപതിലധികം പേർ അറസ്റ്റിലായിട്ടുണ്ട്. ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
Be the first to comment