
പി എം കുസും പദ്ധതിയിൽ ക്രമക്കേടുകളെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി. ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നും, അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അതിന് ഉത്തരവാദികളായ ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നിയമാനുസൃതമായ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൃഷി ആവശ്യത്തിനുള്ള ജലസേചന പമ്പുകൾ സൗരോർജത്തിലേക്കു മാറ്റാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസുമിന്റെ ടെൻഡറിൽ സംസ്ഥാനത്തു വന്‍ ക്രമക്കേട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
പിഎം കുസും പദ്ധതി പ്രകാരം സോളാര്‍ സൗരോര്‍ജ പമ്പുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി നടത്തിയ 240 കോടി രൂപയുടെ ടെന്‍ഡറില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പുറത്തുവിട്ടു. അഞ്ചു കോടി രൂപ വരെ ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചതു മുതല്‍ ക്രമക്കേടുകളാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.
Be the first to comment