ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

ന്യൂഡല്‍ഹി: 2026 ഓടെ രാജ്യത്തുടനീളമുള്ള 1,050 ടോള്‍ പ്ലാസകളിലും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന തടസ്സരഹിത ടോള്‍ പിരിവ് നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പിരിക്കുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനം ഒരുക്കിയാണ് ഇത് നടപ്പിലാക്കുക. ഇതുവഴി ടോള്‍പ്ലാസകളില്‍ നിര്‍ത്താതെ തന്നെ കാറുകള്‍ക്ക് ഹൈവേകളില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫാസ്ടാഗില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്തേണ്ടി വരുന്നതാണ് നിലവിലെ രീതി. ഈ ടോള്‍ പിരിവ് സംവിധാനത്തിന് പകരമായി ഹൈവേയിലും എക്‌സ്പ്രസ് വേയിലും തടസ്സമില്ലാത്ത ടോള്‍ പിരിവ് സംവിധാനമാണ് ഒരുക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് മുതല്‍ നാല് മാസത്തിനുള്ളില്‍ ഏകദേശം 40 ലക്ഷം വാര്‍ഷിക ഫാസ്ടാഗ് പാസുകള്‍ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം 3,000 രൂപയ്ക്ക് 200 ടോള്‍ പ്ലാസകള്‍ കടക്കാന്‍ അനുവദിക്കുന്നതാണ് വാര്‍ഷിക ഫാസ്ടാഗ്. വാര്‍ഷിക ഫാസ്ടാഗ് യാത്രക്കാരുടെ ചെലവ് കുറയാന്‍ സഹായകമായിട്ടുണ്ട്. ഒരു ടോള്‍ പ്ലാസ കടക്കാന്‍ ശരാശരി 15 രൂപ മാത്രമാണ് ചെലവ് വരുന്നത്. 2026 ആകുമ്പോഴേക്കും 350 സ്വകാര്യ ടോള്‍ ബൂത്തുകള്‍ അടക്കം 1,050 പ്ലാസകളിലും ടോള്‍ പിരിക്കുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*