അനധികൃത വിദേശ വിദ്യാര്‍ത്ഥികളായ 47000 പേർക്കെതിരെ അന്വേഷണം; കൂടുതലും ഇന്ത്യക്കാര്‍

സ്റ്റുഡന്റ്സ് വിസയിലെത്തിയ 47,000ത്തിലധികം വിദ്യാർത്ഥികൾ രാജ്യത്ത് അനധികൃതമായി തങ്ങുന്നുവെന്ന് കാനഡ. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അനധികൃത വിദ്യാർത്ഥികളിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണ്. സ്റ്റുഡന്റ്സ് വിസയിലെത്തിയ ശേഷം ക്ലാസുകളിൽ പോകാത്തവരെയാണ് അനധികൃത വിദ്യാർത്ഥികളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.

വിദേശ വിദ്യാർത്ഥികൾ പഠനത്തിൽ നിന്ന് ദീർഘകാലമായി വിട്ടുനിൽക്കുകയാണെങ്കിൽ ഇക്കാര്യം സ്കൂളുകൾ ഐആർസിസിയെ അറിയിക്കും. ഈ വിഷയത്തിൽ തുടർനടപടിക്കായി കാനഡ ബോർഡർ സർവീസസ് ഏജൻസിയിലേക്ക് കൈമാറുകയും ചെയ്യും. അതേസമയം, പഠനത്തിന് കയറാതെ പാർട്ട് ടൈം ജോലികളിലേക്ക് തിരിയുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് കനേഡിയൻ മാധ്യമങ്ങൾ പറയുന്നത്.

വിദേശ വിദ്യാർത്ഥികളെ ട്രാക്ക് ചെയ്യുന്നതിന് അധികൃതർക്ക് മറ്റ് മാർഗങ്ങളില്ല. അതുകൊണ്ട് തന്നെ കോളജുകൾ കണക്ക് നല്കാത്ത വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായിരിക്കുമെന്നാണ് സൂചന. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 19,582 ആണ്. തൊട്ടുപിന്നിൽ ചൈനീസ് വിദ്യാർത്ഥികളാണ്, 4,279 പേർ.

ഒരു വർഷം മുമ്പ് വരെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ കാനഡയിലേക്കുള്ള ഒഴുക്ക് അതിശക്തമായിരുന്നു. എന്നാൽ, കാനഡയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം വർധിച്ചതും ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീണതും മറ്റ് രാജ്യങ്ങളിലേക്ക് നോക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. കാനഡയിൽ പഠിച്ചിറങ്ങിയ പലർക്കും മികച്ച ജോലി ലഭിക്കാത്തതും പ്രതിസന്ധി വർധിപ്പിച്ചു.

2025ലെ ആദ്യ ഏഴു മാസത്തിൽ 52,765 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് സ്റ്റഡി പെർമിറ്റ് കിട്ടിയത്. മുൻ വർഷം ഇതേ കാലയളവിൽ 1,88,255 ഇന്ത്യൻ വിദ്യാർത്ഥികൾ എത്തിയ സ്ഥാനത്താണിത്. ഈ ട്രെന്റ് തുടർന്നാൽ ഈ വർഷം ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 90,454ൽ ഒതുങ്ങുമെന്നാണ് റിപ്പോർട്ട്. 2023നെ അപേക്ഷിച്ച് 67.5 ശതമാനം കുറവ്.

 

Be the first to comment

Leave a Reply

Your email address will not be published.


*