
കൊച്ചി: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേര്‍ മരിച്ചതായി സര്‍ക്കാര്‍. മരിച്ചവരില്‍ 26 പേര്‍ക്ക് വിഷ ബാധയേറ്റത് തെരുവ് നായകളില്‍ നിന്നാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയില്‍ പങ്കുവച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2024-ല്‍ 26 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. 2025-ല്‍ ഇതുവരെ 23 പേരും പേ വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. ഈ വര്‍ഷം മരിച്ചവരില്‍ 11 പേരെ തെരുവുനായകളാണ് കടിച്ചത്. പേ വിഷബാധയേറ്റ് മരിച്ചതില്‍ 10 പേരെ വളര്‍ത്തുപട്ടികളാണ് കടിച്ചത്. തെരുവുനായകളെ നിയന്ത്രിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.
പൂച്ചകളില്‍ നിന്ന് പേ വിഷം ബാധിച്ചും സംസ്ഥാനത്ത് ആളുകള്‍ മരിച്ചു. മൂന്ന് പേരാണ് പൂച്ചയുടെ കടിയേറ്റതിനെ തുടര്‍ന്ന് വിഷബാധയേറ്റ് മരിച്ചത്. 2024 ആഗസ്റ്റ് മുതല്‍ ഈ വര്‍ഷം ജൂലായ് വരെ സംസ്ഥാനത്ത് 3.63 ലക്ഷം പേര്‍ക്ക് നായകളുടെ കടിയേറ്റിട്ടുണ്ട്. ഇതില്‍ 99,323 പേരെ തെരുവുനായകളാണ് കടിച്ചതെന്നും തദ്ദേശവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
Be the first to comment