ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക വിളംബരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ച് പ്രശസ്ത കനേഡിയൻ സംവിധായികയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ നിർവ്വഹിച്ചു .
ഹ്രസ്വ ചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയായ ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഈ വർഷം മുതൽ മികച്ച ഷോർട്ട് ഫിലിമിന് ഒന്നര ലക്ഷം രൂപയും (150000/- )
രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം ( 100000/. ) രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും (50,000/- ) ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക എന്ന് ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി എസ് വിജയൻ പറഞ്ഞു .
മുഖ്യാതിഥിയായ കെല്ലി ഫൈഫ് മാർഷലിനെ ഡോക്ടർ ബിജു സദസ്സിന് പരിചയപ്പെടുത്തി . ബ്ലാക്ക് ബോഡീസ് എന്ന ഷോർട്ട് ഫിലിമിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയയായ കെല്ലി മാർഷൽ തന്റെ ചലച്ചിത്ര അനുഭവങ്ങൾ പങ്കുവെച്ചു .
ചലച്ചിത്ര പ്രതിഭകളായ കമൽ,ടി കെ രാജീവ്കുമാർ, ശ്യാമപ്രസാദ്, അഴകപ്പൻ,കുക്കു പരമേശ്വരൻ,ജോഷി മാത്യു,സന്ദീപ് സേനൻ,സന്തോഷ് കീഴാറ്റൂർ,ശ്രീകുമാർ അരൂക്കുറ്റി,ബാബു പള്ളാശ്ശേരി, അൻസിബ,നീന കുറുപ്പ്,സാജു നവോദയ,വി ടി ശ്രീജിത്ത്,ഗിരിശങ്കർ, സജിൻ ലാൽ, ഔസേപ്പച്ചൻ വാളക്കുഴി , സന്തോഷ് പവിത്രം , ഉണ്ണി ശിവപാൽ,വേണു ഗോപാൽ,സിദ്ധാർഥ്, വേണു ബി നായർ, സാജിദ് യാഹിയ, അനൂപ് രവീന്ദ്രൻ,എ എസ് ദിനേശ് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു .
ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി സോഹൻ സീനുലാൽ സ്വാഗതവും ഡയറക്ടേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് വിധു വിൻസെന്റ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഷോർട്ട് ഫിലിം കമ്മിറ്റി കൺവീനർ സലാം ബാപ്പു നന്ദി പറഞ്ഞു . ജോയിന്റ് സെക്രട്ടറി ബൈജുരാജ് ചേകവർ , നിർവ്വാഹക സമിതി അംഗങ്ങളായ മനോജ് അരവിന്ദാക്ഷൻ , വി സി അഭിലാഷ് , ജോജു റാഫേൽ , ഷിബു പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി .
ഏറ്റവും മികച്ച സംവിധായകന് പതിനായിരം ( 10000/-) രൂപയും , മികച്ച നടൻ , നടി , ബാലതാരം , തിരക്കഥാകൃത്ത് , ഛായാഗ്രാഹകൻ , എഡിറ്റർ , കലാസംവിധായകൻ , മ്യുസിക് ഡയറക്ടർ , മെയ്ക്കപ്പ് ആർട്ടിസ്റ്റ് , കോസ്റ്റ്യും ഡിസൈനർ , വി എഫ് എക്സ് ആർട്ടിസ്റ്റ് ഉൾപ്പടെയുള്ള 12 വ്യക്തിഗത വിഭാഗങ്ങൾക്ക് അയ്യായിരം ( 5000/ ) രൂപാ വീതവും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക .
ജനറൽ കേറ്റഗറി , കേമ്പസ് , പ്രവാസി , AI ചിത്രങ്ങൾ , ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അംഗങ്ങൾക്ക് വേണ്ടിയുള്ള വിഭാഗം എന്നിങ്ങനെ 5 കേറ്റഗറികളിൽ അവാർഡുകൾ നൽകും .



Be the first to comment