500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ മാനദണ്ഡങ്ങളെ തുടര്‍ന്ന് പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യം മൂലം പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് ഉണ്ടായ പ്രതിസന്ധി മുതലെടുത്ത് മറ്റു കമ്പനികള്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇടപെടലുമായി കേന്ദ്രം. ആഭ്യന്തര യാത്രക്കാരുടെ താത്പര്യാര്‍ഥം വിമാന ടിക്കറ്റ് നിരക്കിന് കേന്ദ്രസര്‍ക്കാര്‍ പരിധി നിശ്ചയിച്ചു.

500 കിലോമീറ്റര്‍ വരെ ദൂരമുള്ള യാത്രയ്ക്ക് 7500 രൂപയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. 500 കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയില്‍ ടിക്കറ്റ് നിരക്കായി പരമാവധി ഈടാക്കാന്‍ അനുവദിച്ചിരിക്കുന്നത് 12,000 രൂപയാണ്. ആയിരത്തിനും 1500 കിലോമീറ്ററിനും ഇടയിലുള്ള യാത്രയ്ക്ക് പരമാവധി 15000ല്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല. 1500 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് പരമാവധി ടിക്കറ്റ് നിരക്ക് ആയി നിശ്ചയിച്ചിരിക്കുന്നത് 18000 രൂപയാണെന്നും ഉത്തരവില്‍ പറയുന്നു.

നിരക്ക് സാധാരണ നിലയില്‍ ആകുന്നത് വരെ നിയന്ത്രണം തുടരും. അല്ലാത്തപക്ഷം നിരക്ക് സംബന്ധിച്ച് പുനഃപരിശോധന നടക്കുന്നതുവരെ നിശ്ചയിച്ച പരിധി എല്ലാ വിമാന കമ്പനികളും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നേരിട്ടോ, അല്ലാതെയുള്ള എല്ലാ ബുക്കിങ്ങുകള്‍ക്കും പരിധി ബാധകമാണ്. ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് ഈ പരിധി ബാധകമല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*