തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വേദികള്‍ക്ക് പൂക്കളുടെ പേര് നല്‍കിയപ്പോള്‍ താമര ഒഴിവാക്കിയെന്ന വിവാദത്തിന് വിരാമം. വേദികളില്‍ ഒന്നിന് താമര എന്ന് പേര് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15-ാമത്തെ വേദിക്കാണ് ആണ് താമര എന്ന പേര് നല്‍കിയത്.
കലോത്സവം നന്നായി നടത്തി എല്ലാവരുമായി സഹകരിച്ച് പോകാനാണ് ആഗ്രഹമെന്നും പേരുമാറ്റം വിശദീകരിച്ച് മന്ത്രി പറഞ്ഞു. ഒരു വഴക്കിനും വാക്കേറ്റത്തിനും ഇല്ല. താമര വിവാദം ആക്കേണ്ട കാര്യം ഇല്ല. കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടി വഴക്കും വക്കാണത്തിലും അല്ല നടത്തേണ്ടത്. വേദി 15ന് ഡാലിയ എന്നായിരുന്നു മുന്നേ നിശ്ചയിച്ച പേര്. അത് മാറ്റി താമര എന്നാക്കിയിട്ടുണ്ട്. ആർക്കും വഴങ്ങിയിട്ടല്ല, വിവാദം തീർക്കാനാണ് ശ്രമിക്കുന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപിച്ച് ബിജെപി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേരുകള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുല്‍മോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പല്‍പ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്.
അതേസമയം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി തൃശൂര്‍ പൂര്‍ണസജ്ജമായതായും മന്ത്രി അറിയിച്ചു. ‘ഉത്തരവാദിത്ത കലോത്സവം’ എന്ന ആശയത്തിലൂന്നി ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും മേള നടക്കുക. വേദികളുടെയും പന്തലുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭ്യമാക്കും. ദീപാലങ്കാരം, കുറ്റമറ്റ ശബ്ദസംവിധാനം എന്നിവയെല്ലാം സജ്ജമാണ്. ലോത്സവത്തിനെത്തുന്നവര്‍ക്ക് നമ്മുടെ രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ വിപുലമായ കലവറ ഒരുങ്ങിക്കഴിഞ്ഞു. താമസ സൗകര്യമൊരുക്കുന്ന സ്‌കൂളുകളില്‍ വെളിച്ചം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.
മത്സരാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും യാത്ര ചെയ്യാന്‍ ആവശ്യമായ വാഹന സൗകര്യങ്ങള്‍ ഉറപ്പാക്കി. വേദികളിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കും. സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര, വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ്, സാംസ്‌കാരിക ഘോഷയാത്ര എന്നിവയോടെ കലോത്സവം വന്‍ വിജയമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒപ്പം ഏവരുടെയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.



Be the first to comment