പേരാമ്പ്രയില്‍ 13 വയസുകാരനെ വയോധികന്‍ ലൈംഗികമായി ചൂഷണം ചെയ്തത് 8 മാസം; കേസ് രജിസ്റ്റര്‍ ചെയ്തിട്ട് മാസങ്ങളായിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്

കോഴിക്കോട് പേരാമ്പ്രയിലെ പോക്‌സോ കേസിലെ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പേരാമ്പ്ര നടുവണ്ണ സ്വദേശി അലി കുട്ടി(65) 13 വയസുകാരനെ എട്ട് മാസം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ പ്രതിയെ കണ്ടെത്താതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആരോപണം. 

തന്റെ അയല്‍വീട്ടില്‍ താമസിച്ചിരുന്ന 13 വയസുകാരനെയാണ് അലിക്കുട്ടി മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തത്. പുറത്തുപറഞ്ഞാല്‍ മാതാവിനെ കൊല്ലുമെന്ന് പറഞ്ഞ് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പീഡന വിവരം എല്ലാവരില്‍ നിന്നും മറച്ചുവച്ചു. കുട്ടി അസ്വാഭാവികമായി പെരുമാറുകയും അകാരണമായി കരയുകയും തലയ്ക്കടിക്കുകയുമൊക്കെ ചെയ്ത് തുടങ്ങിയതോടെ വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിങിന് കൊണ്ടുപോയി. ദീര്‍ഘമായ കൗണ്‍സിലിങിനിടെയാണ് തനിക്ക് നേരിട്ട അതിക്രമത്തിന്റെ വിവരങ്ങള്‍ കുട്ടി തുറന്നുപറയുന്നത്. കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയവര്‍ തന്നെയാണ് നേരിട്ട് ഇക്കാര്യം പേരാമ്പ്ര പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അയല്‍വാസിയുടെ പെരുമാറ്റത്തില്‍ തങ്ങള്‍ക്ക് മുന്‍പൊന്നും യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നാണ് കുട്ടിയുടെ അമ്മ  പറയുന്നത്. സംഭവം കേസായതോടെ അയല്‍വാസി വീടടച്ച് മുങ്ങിയെന്നാണ് ആരോപണം. എന്നാല്‍ കേസില്‍ ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണെന്നും ആവശ്യമെങ്കില്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കുമെന്നും പേരാമ്പ്ര പോലീസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*