പോലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ജമ്മുവിൽ 7 മരണം

ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. പോലീസുകാരും, ഫൊറൻസിക് ഉദ്യോഗസ്ഥരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പോലീസ് സ്റ്റേഷൻ കെട്ടിടത്തിനും പരിസരത്തിനുള്ളിലെ നിരവധി വാഹനങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. FSL സംഘവും തഹസിൽദാറും ചേർന്ന് നേരത്തെ ഫരീദാബാദിലെ വൈറ്റ് കോളർ ഭീകരസംഘത്തിന്റെ കൈയിൽ നിന്ന് പിടികൂടിയ 300 കിലോ സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ നായിബ് തഹസിൽദാറും കൊല്ലപ്പെട്ടു. പരുക്കേറ്റ 5 പേരുടെ നില അതീവ ഗുരുതരം.

സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിൽ തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (SKIMS) പ്രവേശിപ്പിച്ചിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*