‘ഏതു കളിയിലും എന്‍ട്രിയും എക്സിറ്റുമുണ്ട്’, രാജിയെ കുറിച്ച് ഉചിതമായ സമയത്ത് പറയും: സി വി ആനന്ദബോസ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കാനുണ്ടായ കാരണം ഉചിതമായ സമയത്ത് തുറന്നു പറയുമെന്ന് ഡോ. സി വി ആനന്ദബോസ് . ബംഗാളില്‍ നിന്ന് മടങ്ങവെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സി വി ആനന്ദബോസ് ഇക്കാര്യം അറിയിച്ചത്.

തീരുമാനം ബോധപൂര്‍വം കൈക്കൊണ്ടതാണ്. കാരണം തത്കാലം രഹസ്യമായി സൂക്ഷിക്കും. ഗവര്‍ണറായപ്പോള്‍ തന്നെ അറിയാമായിരുന്നു ആ പദവിയില്‍ നിന്ന് പുറത്തുപോകാനും ഒരുസമയമുണ്ടെന്ന്. ഏതു കളിയിലും എന്‍ട്രിയും എക്സിറ്റുമുണ്ട്. 1200ല്‍പ്പരം ദിവസങ്ങള്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചു. ക്രിക്കറ്റുമായി കൂട്ടിക്കെട്ടി പറഞ്ഞാല്‍ 12 സെഞ്ച്വറി. അതു പര്യാപ്തമാണ്. രാജിവയ്ക്കാന്‍ ഉചിതമായ സമയം എന്ന് തിരിച്ചറിഞ്ഞാണ് മുന്നോട്ട് പോയത്. എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ അവസരം കിട്ടിയപ്പോള്‍ രാജിവയ്ക്കാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

കൊല്‍ക്കത്തിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായിട്ടായിരുന്നു ആനന്ദബോസ് വിമാനത്താവളത്തില്‍ എത്തിയത്. അതേസമയം, തനിക്ക് ബംഗാളിലാണ് വോട്ടെന്നുംസ നിയമസഭാ തെരഞ്ഞടുപ്പില്‍ അവിടെ വോട്ട് ചെയ്യുമെന്നും ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു. ബിജെപി നേതൃത്വവുമായുള്ള ഭിന്നതയാണ് ആനന്ദബോസിന്റെ രാജിക്ക് പിന്നിലെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്ന് വര്‍ഷം കാലാവധി ബാക്കിനില്‍ക്കെ ആനന്ദബോസ് രാജി വച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. എന്നാല്‍, വിവാദങ്ങള്‍ക്ക് ഇടനല്‍കാതെയുള്ള പ്രതികരണമായിരുന്നു ആനന്ദബോസ് പങ്കുവച്ചത്.

മാര്‍ച്ച് അഞ്ചിനായിരുന്നു ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. പിന്നാലെ തമിഴ്‌നാട് ഗവര്‍ണറായിരുന്ന ടിഎന്‍ രവിയെ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ടിഎന്‍ രവി ഗവര്‍ണര്‍ പദവി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*