യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം ; പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി

കേരളത്തിൽ യുഡിഎഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസിന്റെ സ്ഥാനാർഥി നിർണ്ണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ലെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. അത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമായി കോൺഗ്രസ് കരുതുന്നതാണ്. നേതാക്കൾക്കോ വിവിധ പാർട്ടി ഘടങ്ങൾക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കിൽ അതിന് നേതൃത്വത്തെ സമീപിക്കാവുന്നതാണ്. മറിച്ച് പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർഥികളാകാൻ മുതിരരുതെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, നാളെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി കേരളത്തിൽ ചർച്ച ചെയ്ത് അന്തിമമാക്കിയ പട്ടിക പരിഗണിക്കും. 20 സിറ്റിംഗ് സീറ്റുകളിൽ അടക്കം 40 സീറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തിയിട്ടുണ്ട്. സംവരണ മണ്ഡലങ്ങൾ, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ് സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലാണ്. പെരുമ്പാവൂരിൽ സീറ്റ് പ്രതിസന്ധി നേരിട്ടിരുന്ന എൽദോസ് കുന്നപ്പള്ളി ഡൽഹിയിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പെരുമ്പാവൂരിൽ മത്സരിക്കാൻ താൻ യോഗ്യനെന്നും നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമാണെന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*