കൗണ്‍സിലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലായ മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ വീണ്ടും കേസ്. കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മോട്ടിവേഷന്‍ സ്പീക്കറും റിട്ട. പ്രിന്‍സിപ്പലുമായ കെ സി ഷാജുവിനെതിരെയാണ് വീണ്ടും പോക്‌സോ കേസ്. കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് മുഴക്കുന്ന് പോലീസ് കേസെടുത്തത്.
കോട്ടയം പാമ്പാടി പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതി ഇരിട്ടി മുഴക്കുന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കൗണ്‍സലിങ്ങിനായി സമീപിച്ചപ്പോള്‍ രണ്ടു തവണ ഷാജു ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കുട്ടിയുടെ പരാതി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ഷാജു വിരമിച്ചതിനു ശേഷം ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സ്‌റ്റേറ്റ് ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നാല് മാസങ്ങള്‍ക്ക് മുമ്പാണ് ആദ്യത്തെ കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സലിങ്ങിനായി എത്തിയ പതിനേഴുകാരിയോടു മോശമായ രീതിയില്‍ പെരുമാറി എന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23ന് ഷാജുവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പരാതിയില്‍ പോലീസ് കണ്ണൂര്‍ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം നടത്തുന്നത്. ഷാജി സമൂഹ മാധ്യമങ്ങളിലും മറ്റും സ്ഥിരമായി മോട്ടിവേഷന്‍ വിഡിയോകള്‍ ചെയ്തിരുന്നു. മറ്റു ജില്ലകളിലുള്‍പ്പെടെ സ്‌കൂളുകളില്‍ മോട്ടിവേഷന്‍ ക്ലാസും നല്‍കിയിരുന്നു.



Be the first to comment