‘കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ആര്‍ഷോയ്‌ക്കെതിരെ പരാതിയുമായി മുന്‍ എസ്എഫ്‌ഐ നേതാവ്

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവിന്റെ പരാതി. എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിയും മണ്ണാര്‍ക്കാട് സ്വദേശിയുമായ ഷാനിഫ് ആണ് പരാതിക്കാരന്‍. പികെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ അനുവദിക്കില്ലെന്നും തന്നെ തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷാനിഫ് പറഞ്ഞു.

വാട്‌സ് ആപ്പ് കോളില്‍ വിളിച്ച് പിഎം ആര്‍ഷോ അസഭ്യവര്‍ഷവും നടത്തിയതായാണ് ആക്ഷേപം. സിപിഎം വിമത കണ്‍വെന്‍ഷനില്‍ ആര്‍ഷോയ്ക്കതിരെ പികെ ശശി ആരോപണം ഉന്നയിച്ചിരുന്നു.

പികെ ശശി സര്‍ക്കാരില്‍ നിന്ന് മേടിച്ച ആനൂകൂല്യം തിരിച്ചടിപ്പിക്കുമെന്ന് പറഞ്ഞാണ് ആര്‍ഷോ ഫോണ്‍ സംഭാഷണം തുടങ്ങിയത്. പിന്നീട് തെറി പറയാന്‍ തുടങ്ങി. നാവുകുഴഞ്ഞതുപോലെയായിരുന്നു സംസാരം. ബന്ധം മുറിയരുതെന്ന് കരുതി ഏറെ നേരം ക്ഷമിച്ചു. തെറി തുടര്‍ന്നപ്പോള്‍ അതേരീതിയില്‍ തിരിച്ചുപറഞ്ഞു.

എറണാകുളത്ത് അന്വേഷിച്ചാല്‍ ആര്‍ഷോ ആരെന്ന് അറിയാം. താന്‍ പലരെയും കുത്തിയിട്ടുണ്ടെന്നു പറഞ്ഞു. അതിന് പിന്നാലെയായിരുന്നു വധഭീഷണി. കൊന്നുകളയും എന്ന് പറഞ്ഞപ്പോള്‍ ആര്‍ഷോ സംസാരിക്കുന്നിടത്തേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടാക്കിയെന്നും ഷാനിഫ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*