മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അടുക്കളകളിലേക്കും എത്തുന്നു. രാജ്യത്തെ പല നഗരങ്ങളിലും പാചകവാതകവിതരണം തടസപ്പെട്ടു. ഹോട്ടലുകളും റെസ്റ്റോറന്റുകളും പാചകവാതകം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
വിഷയത്തിന്റെ ഗൗരവം കേന്ദ്ര പെട്രോളിയം മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എല്‍പിജി ഉത്പാദനം കൂട്ടാന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. ഹോട്ടലുമടകളുമായി എണ്ണക്കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തും.
അതിനിടെ, ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതി തടസമില്ലാതെ തുടരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി അറിയിച്ചു. വിവിധ സ്രോതസുകളില്‍ നിന്നും രാജ്യത്തേക്ക് ഇന്ധനം എത്തുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിഎന്‍ജി, പിഎന്‍ജി വിതരണം നൂറ് ശതമാനം ഉറപ്പാക്കി.
വ്യവസായ മേഖലയ്ക്ക് 70-80% വിതരണം തുടരുന്നു. അമിതവില ഇല്ലാതെ തന്നെ ഊര്‍ജ്ജലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരുതരത്തിലുള്ള ക്ഷാമവും ഉണ്ടാവില്ല. പരിഭ്രാന്തിയുടെ ആവശ്യമില്ല – മന്ത്രാലയം വ്യക്തമാക്കി.
പാചകവാതക സിലിണ്ടര്‍ വിതരണത്തിലുണ്ടായ നിയന്ത്രണം രാജ്യത്തെ ഹോട്ടലുകളുടെ നടത്തിപ്പിനെ ഗുരുതരമായാണ് ബാധിച്ചത്. ആവശ്യത്തിന് പാചവവാതകം ലഭിക്കാതായതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുടമകള്‍ ആശങ്കയിലാണ്. സിലിണ്ടര്‍ ലഭിക്കാത്തത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് കൊച്ചിയിലെ ഹോട്ടലുടമകള്‍ പറയുന്നു.
ബെംഗളൂരുവിലെ ഹോട്ടലുടമകള്‍ക്ക് ഇന്ന് രാവിലെ ഗ്യാസ് ലഭിച്ചതോടെയാണ് ഹോട്ടല്‍ തുറക്കാനായത്. ചെന്നൈയിലും സ്ഥിതി വ്യത്യസ്തമല്ല. നിലവിലെ ഗ്യാസ് തീര്‍ന്നാല്‍ ഹോട്ടല്‍ അടക്കേണ്ടി വരുമെന്നാണ് ഉടമകള്‍ പറയുന്നത്.
ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെങ്കിലും സിലിണ്ടര്‍ വിതരണം നടക്കുന്നില്ല.വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിന് കത്ത് നല്കി. ഇതിന് പിന്നാലെ എല്‍പിജി ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടു. എണ്ണക്കമ്പനികളുടെ പ്രതിനിധിസംഘം വിവിധ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.



Be the first to comment