‘ദേശീയപാത ഉദ്ഘാടനത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് വിചിത്രം; രാഷ്ട്രീയ പകപോക്കൽ’; എംവി ​ഗോവിന്ദൻ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് വിചിത്രമാണ്. ദേശീയപാത ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ പക്ഷപാതത്തിൻ്റെ വേദിയാക്കി മാറ്റിയെന്ന് അദേഹം വിമർശിച്ചു. കേരളമല്ലാതെ മറ്റൊരു സംസ്ഥാനവും ഭൂമി ഏറ്റെടുക്കലിന് പണം മുടക്കിയിട്ടില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

കേരള വികസനത്തിന് അനിവാര്യമായ പദ്ധതിയായിരുന്നു ദേശീയപാത 66. കിഫ്ബി വഴിയാണ് പണം ചെലവാക്കിയത്. വലിയ സമരമാണ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നടത്തിയത്. എല്ലാ പ്രതിഷേധങ്ങളെയും ഫലപ്രദമായി സർക്കാർ പ്രതിരോധിച്ചുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പൊതു മരാമത്ത് വകുപ്പിനെ അവഗണിച്ചത് വ്യക്തിപരമല്ല, രാഷ്ട്രീയ പകപോക്കലാണെന്ന് അദേഹം ആരോപിച്ചു.

മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് രണ്ടാം റീച്ച് കടന്ന് പോകുന്നത്. ‌‌‌രണ്ടാം റീച്ചിൽ മന്ത്രിയും എംഎൽഎയും ജനങ്ങളെ അണി നിരത്തി റോഡ്ഷോ നടക്കുന്നുണ്ട്. അത്തരം പരിപാടി ജനകീയ ഉത്സവം പോലെ നടത്തുന്നത് നല്ലതാണ്. രണ്ട് റീച്ചിലും ആഘോഷ പരിപാടിയും റോഡ് ഷോയും നടത്തുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ബിജെപി അധ്യക്ഷനെ ചടങ്ങിൽ ഉൾപ്പെടുത്തിയത് എന്ത് പ്രോട്ടോക്കോൾ പ്രകാരമാണെന്ന് അദേഹം ചോദിച്ചു. എന്തും ചെയ്യാൻ അവകാശം ഉണ്ട് എന്ന മട്ടിലാണ് പെരുമാറ്റം. ഉദ്ഘാടന ചടങ്ങിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിൽ പക്ഷപാതം കാണിച്ചെന്ന് അദേഹം കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*