സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് വൻ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. സന്നിധാനത്തെ ബാങ്ക് അക്കൗണ്ടുകളിലും പോസ്റ്റ് ഓഫീസ് വഴിയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് എത്തിയത്. ശബരിമലയിലെ ശാന്തിക്കാരും ജീവനക്കാരുടെയും പേരിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ ക്രമക്കേട് ഉണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള മണ്ഡല മകരവിളക്ക് കാലഘട്ടത്തിലാണ് 20 കോടിയിലേറെ പണം സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ എത്തിയത്. എസ് ബി ഐയുടെ സന്നിധാനം ബ്രാഞ്ചിൽ 1667 ഇടപാടുകളിലൂടെ 8 കോടിയിൽ അധികം രൂപയുടെ നിക്ഷേപം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്തെ ധനലക്ഷ്‍മി ബാങ്കിന്റെ ബ്രാഞ്ചിൽ 948 ഇടപാടുകളിലൂടെ 11.5 കോടി രൂപയും നിക്ഷേപമായി എത്തി.

ഇതിൽ കൂടുതൽ ഇടപാടുകളും നടത്തിയിരിക്കുന്നത് ദേവസ്വം ബോർഡിലെ ദിവസവേതന ജീവനക്കാരും ശാന്തിമാരും കീഴ്ശാന്തിമാരും ഹോട്ടൽ ഉടമകളും മറ്റു ജീവനക്കാരുമാണ് പണം നിക്ഷേപിച്ചത് എന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മാളികപ്പുറം മേൽശാന്തി 46 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചത്.

ഭക്തർ ദക്ഷിണയായി നൽകിയ തുകയാണ് ബാങ്കിൽ നിക്ഷേപിച്ചത് എന്നാണ് മേൽശാന്തിമാർ പറയുന്നത്. ഭക്തർ കൊണ്ട് വരുന്ന പൂജാ സാധനങ്ങളിൽ ഉൾപ്പെടുന്ന നാണയങ്ങളും നോട്ടുകളും കൈക്കലാക്കുക,കാണിക്ക വഞ്ചി തുറക്കുമ്പോൾ പുറത്തേക്ക് വീഴുന്ന പണം മോഷ്ടിക്കുക എന്നി രീതിയിലൂടെയാണ് ജീവനക്കാർ പണം സമ്പാദിച്ചത് എന്നും ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ വരും ദിവസങ്ങളിൽ കോടതിയിൽ നിന്ന് ഉണ്ടാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*