പാചക വാതക പ്രതിസന്ധിയില്‍ അറിയിപ്പുമായി ഭാരത് പെട്രോളിയം. പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നാണ് മുന്നറിയിപ്പ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ അടിയന്തര സാഹചര്യം അനുസരിച്ച് മാത്രമാണ് പരിഗണിക്കുക. പ്രത്യേക സാഹചര്യം പരിശോധിക്കാനായി രൂപീകരിച്ച സമിതി എല്ലാവശങ്ങളും വിശദമായി പഠിക്കുമെന്നും ഭാരത് പെട്രോളിയം വ്യക്തമാക്കി.
ഇറാന്‍ യുദ്ധം മൂലമുണ്ടായ സവിശേഷ സാഹചര്യമാണ് എല്‍പിജി പ്രതിസന്ധി രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. എല്‍പിജി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബിപിസി, എച്ച്പിസി തുടങ്ങിയവരുടെ എക്‌സിക്യൂട്ടീവ് ഡയറക്ടമാര്‍ വ്യവസായരംഗത്തുനിന്നുള്ള പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാകും പ്രതിസന്ധിയുടെ വിവിധ വശങ്ങള്‍ പരിശോധിക്കുക. വിതരണം സാധാരണനിലയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തിവരികയാണെന്നും ഭാരത് പെട്രോളിയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്നാണ് പെട്രോളിയം മന്ത്രാലയം ഇന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്ക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് എല്‍ എന്‍ ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം.



Be the first to comment