വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്

മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ലോകം മുഴുവന്‍ പണപ്പെരുപ്പത്തിന് കാരണമാകുന്ന സാഹചര്യത്തില്‍, ആഗസ്റ്റിന് ശേഷം ഇതാദ്യമായി ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ അഞ്ചു ശതമാനത്തിനു മുകളില്‍ എത്തി. ഇത് പല വീട്ടുടമകള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബ്രിട്ടനിലെ 25 ല്‍ അധികം വായ്പാദാതാക്കള്‍ അവരുടെ ഫിക്‌സ്ഡ് ഹോം ലോണുകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. ഈ വര്‍ധിച്ച നിരക്ക് ദീര്‍ഘകാലം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് കുറയുന്ന പ്രവണതയായിരുന്നു ദൃശ്യമായിരുന്നത്.

എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി ഈ പ്രവണത വിപരീത ദിശയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം 500 ഓളം മോര്‍ട്ട്‌ഗേജ് ഓഫറുകളാണ് വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടതെന്ന് മണിഫാക്റ്റ്‌സ് പറയുന്നു. ഈ വര്‍ഷം, നിരക്ക് കുറഞ്ഞ ഫിക്‌സ്ഡ് റേറ്റ് ഡീലുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പത്ത് ലക്ഷത്തിലേറെ കുടുംബങ്ങളുണ്ട്. റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ അവര്‍ക്ക് ഇനിമുതല്‍ കൂടുതല്‍ തുക നല്‍കേണ്ടതായി വന്നേക്കാം. അതിനാല്‍ തന്നെ താരതമ്യേന നിരക്ക് കുറഞ്ഞ ഡീലുകള്‍ എത്രയും പെട്ടെന്ന് ലോക്ക് ചെയ്യുവാനാണ് മോര്‍ട്ട്‌ഗേജ് എക്‌സ്പര്‍ട്ടുകള്‍ നിര്‍ദ്ദേശിക്കുന്നത്.

ഒരു സാധാരണ രണ്ട് വര്‍ഷ ഫിക്‌സ്ഡ് നിരക്ക് 4.93 ശതമാനം ഉണ്ടായിരുന്നത് ഇന്നലെ 5.01 ശതമാനമായി വര്‍ദ്ധിച്ചു. മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഫെബ്രുവരി 27 ന് ഇത് 4.83 ശതമാനമായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 6 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കെന്ന് മണി ഫാക്റ്റ്‌സ് പറയുന്നു. 5.03 ശതമാനമുണ്ടായിരുന്ന അഞ്ച് വര്‍ഷത്തെ ഫിക്‌സ്ഡ് നിരക്ക് ഇപ്പോള്‍ 5.09 ശതമാനമായിട്ടുണ്ട്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇത് 4.95 ശതമാനമായിരുന്നു.

അഞ്ച് വര്‍ഷം മുന്‍പ്, അതായത് 2021 ല്‍ 9,71,105 അഞ്ച് വര്‍ഷ ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ വെറും 0.91 ശതമാനം നിരക്കില്‍ വരെ എടുത്തിട്ടുണ്ട്. അന്ന് ശരാശരി അഞ്ച് വര്‍ഷ നിരക്ക് 2.75 ശതമാനമായിരുന്നു. അതായത് അന്ന് 25 വര്‍ഷത്തേക്ക് രണ്ടു ലക്ഷം പൗണ്ട് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ പ്രതിമാസം 922 പൗണ്ട് ആയിരുന്നു മാസത്തവണകളായി അടച്ചിരുന്നതെങ്കില്‍ അതേ ഡീലിന് ഇന്ന് പ്രതിമാസം 1,180 പൗണ്ട് വീതം തിരിച്ചടയ്‌ക്കേണ്ടതായി വരും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ 28 വായ്പാദാതാക്കളാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. അതിനാല്‍ തന്നെ, മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് എത്രയും പെട്ടെന്ന് സൗകര്യപ്രദമായ ഒരു ഡീല്‍ ഉറപ്പിക്കേണ്ടിവരും.

Be the first to comment

Leave a Reply

Your email address will not be published.


*