‘അടിവാതില് തുറന്നുവരുന്ന കടവാവല്’; ഹിറ്റ് ഡയലോഗിലൂടെ ഹിറ്റായി കുഞ്ഞ് ഹരിമുരളിയും; നോവായി വിയോഗവാർത്ത

‘അടിവാതില് തുറന്നുവന്നിരിക്കുവാ കടവാവല്’; രസികൻ സിനിമയിൽ ഈ സംഭാഷണം പറയുമ്പോൾ മെലിഞ്ഞ ഒരു കൊച്ചുകുട്ടി നടന്നുവരികയാണ്. മസിലും ശ്വാസവും പിടിച്ചുവെച്ചാണ് ആ പയ്യന്റെ നടത്തം. പിന്നീടങ്ങോട്ട് ആ കൊച്ചുകുട്ടി പറയുന്നത് ആളുകളെ ഇരുത്തിച്ചിരിപ്പിക്കുന്ന തമാശകളാണ്. ‘ഉള്ളീന്ന് വരട്ടെ, ഉള്ളീന്ന് വരട്ടെ എന്ന് മാമൻ ചോദിക്കിണ്ടല്ല, ഉള്ളീ വല്ലതും പോയോന്ന് ചോദിച്ചാ’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് ആ കൊച്ചുകുട്ടി പിന്നെയും ആളുകളെ പൊട്ടിച്ചിരിപ്പിക്കുകയാണ്. പ്രായഭേദമന്യേ, തലമുറഭേദമന്യേ ആളുകളെ പൊട്ടിച്ചിരിപ്പിച്ച രംഗമായിരുന്നു രസികൻ സിനിമയിലേത്. ആ വേഷം അത്രത്തോളം മികച്ചതാക്കിയ ഹരിമുരളിയുടെ അപ്രതീക്ഷിത വിയോഗവർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നാടക-സിനിമാ നടൻ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരിമുരളി. നാലര വയസുള്ളപ്പോൾ ടെലിവിഷൻ സീരിയലിലൂടെയാണ് ഹരിമുരളി അഭിനയരംഗത്തേയ്‌ക്കെത്തുന്നത്. രസികനാണ് ആദ്യ സിനിമ. പിന്നീട് അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ സിനിമകളിലൂടെ വീണ്ടും ക്യാമറയ്ക്ക് മുൻപിൽ. അണ്ണൻ തമ്പിയിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികൾക്ക് പിന്നിലും ഹരിമുരളിയെ കാണാം.

യാദൃശ്ചികമായാണ് ഹരിമുരളി സീരിയലിലേക്കെത്തുന്നത്. അച്ഛന്റെ സുഹൃത്തായിരുന്നു സീരിയലിന്റെ തിരക്കഥ എഴുതിയിരുന്നത്. ഗുഡ് മോർണിംഗ് ടീച്ചർ എന്ന ഒറ്റ ഡയലോഡ് മാത്രമായിരുന്നു സീരിയലിൽ ഉണ്ടായിരുന്നത്. അഭിനയരംഗത്തേയ്ക്കുള്ള ഹരിമുരളിയുടെ എൻട്രി അങ്ങനെയാണ്. സാക്ഷാൽ ലാൽ ജോസിൽ നിന്ന് തന്നെയാണ് ഹരിമുരളിക്ക് രസികനിലേക്കുള്ള വിളി വരുന്നത്. പിന്നീടങ്ങോട്ട് ഹരിമുരളിയുടെ തലവര മാറുകയായിരുന്നു.

‘അടിവാതിലും തുറന്നുവന്നിരിക്കുവാ കടവാവല്’ എന്ന സംഭാഷണത്തിലൂടെയായിരിക്കും ഹരിമുരളിയെ പ്രേക്ഷകർ ഓർക്കുക. ആ ലൊക്കേഷനിലെ ഏറ്റവും ചെറിയ ആളായിരുന്നു എന്നതുകൊണ്ടുകൊണ്ട് ത്തന്നെ ഹരിമുരളി എല്ലാവർക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു.

എവിടെ പോയാലും ആളുകൾ ഹരിമുരളിയെ തിരിച്ചറിയുമായിരുന്നു. സിനിമയിൽ അഭിനയിച്ച ആളായിരുന്നത് കൊണ്ട് ചെറുപ്പത്തിൽ കൂട്ടുകാർ കളിക്കാനൊന്നും കൂട്ടില്ലായിരുന്നുവെന്ന് ഹരിമുരളി ഒരു അഭിമുഖത്തിൽ ഓർമിക്കുന്നുണ്ട്. പലപ്പോഴും ആളുകൾ അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രം പറയും. പഠിത്തത്തിന് വേണ്ടിയാണ് ഹരിമുരളി സിനിമയിൽ നിന്ന് വിട്ടുനിന്നത്. ഒരു അടിത്തറ വേണം എന്നതിനാലാണ് അത്തരത്തിൽ തീരുമാനമെടുത്തത് എന്ന് ഹരിമുരളി ഓർമിക്കുന്നുണ്ട്. സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം എഴുത്തായിരുന്നു ഹരിമുരളിയുടെ പാഷൻ.

അഭിനയത്തിലേക്ക് തിരിച്ചുവരണം എന്ന് തന്നെയായിരുന്നു ഹരിമുരളിയുടെ ആഗ്രഹം. ആളുകൾ തന്നെ മറന്നുപോകരുത് എന്ന് ഹരിക്ക് നിർബന്ധമുണ്ടായിരുന്നു. ഇടയ്ക്ക് അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. മമ്മൂക്കയായിരുന്നു എന്നും ഹരിമുരളിയുടെ ഇൻസ്പിരേഷൻ. അണ്ണൻ തമ്പി എന്ന സിനിമയിൽ ആദ്യ ഷോട്ട് തന്നെ ഹരിമുരളിയുടേതാണ്. എനിക്കും മുൻപേ നിന്നെയാണ് കാണിക്കുന്നത് എന്നും, നിന്റെ തലവര മാറുമെന്നും മമ്മൂക്ക ഒരിക്കൽ പറഞ്ഞത് ഹരിമുരളി ഓർമിക്കുന്നുണ്ട്.

ഹരിമുരളിയുടെ കുടുംബം പരിശോധിച്ചാലും സിനിമ മാത്രമാണ് ഉടനീളം കാണാനാകുക. നടൻ ഗണപതിയും സംവിധായകൻ ചിദംബരവും ബന്ധുക്കളാണ്. നടൻ ദീപക് പറമ്പോൽ, ബാബു അന്നൂർ തുടങ്ങിയ നിരവധി അഭിനേതാക്കളും ഹരിമുരളിയുടെ ബന്ധുക്കളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*