തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

 എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതരാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നായയെ പിടികൂടിയത്. വന്യ ജീവി സംരക്ഷകര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് നായയെ പിടികൂടിയത്. നായക്ക് പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കും.

നായ കടിച്ച മറ്റ് മൂന്ന് പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. വയോധികയെ ആക്രമിച്ച നായ വളര്‍ത്തുനായകളെയും കടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നായയുടെ കടിയേറ്റ മറ്റ് നായ്ക്കളെ നിരീക്ഷിച്ച് വരികയാണ്.

കേച്ചേരി – കുറാഞ്ചേരി പാതയില്‍ വെള്ളറക്കാട് തേജസ് കോളജിന് സമീപത്ത് താമസിക്കുന്ന 84 വയസുകാരിയായ കാര്‍ത്യായനിയാണ് വ്യാഴാഴ്ച വൈകീട്ട് നായയുടെ കടിയേറ്റ് മരിച്ചത്. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്. വയോധികയുടെ മകനായ അറുപത് വയസുകാരനായ ഭിന്നശേഷിക്കാരനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്. ഇരുവരെയും ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാര്‍ത്യായനി മരിച്ചിരുന്നു. മകന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*