ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്കിയനുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇരുനേതാക്കളുടെയും ഫോൺ സംഭാഷണം. സംഘർഷത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതും, അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളെയും പറ്റി ചർച്ചകൾ നടത്തി.
സുരക്ഷ, വ്യാപാര പാതകൾ, പ്രവാസികളുടെ ക്ഷേമം എന്നിവയെച്ചൊല്ലി പ്രാദേശിക സംഘർഷങ്ങൾ ആശങ്കകൾ ഉയർത്തുന്ന സമയത്താണ് ഇരുനേതാക്കളുടെയും ചർച്ച. പശ്ചിമേഷ്യൻ സംഘർഷങ്ങളും തർക്കങ്ങളും ഒഴിവാക്കി സമാധാനം നിലനിർത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും മോദി അറിയിച്ചു. കൂടാതെ കൂടുതല്‍ സംഭാഷണത്തിനും നയതന്ത്രത്തിനും ഇറാൻ പ്രസിഡൻ്റ് ആഹ്വാനം ചെയ്തെന്ന് മോദി പറഞ്ഞു.
തുടർന്ന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും, ചരക്ക്, ഊർജം, ഗതാഗതം എന്നിവയുടെ ആവശ്യകതയും ഇന്ത്യൻ സർക്കാരിൻ്റെ മുൻഗണനകളായി തുടരുന്നുവെന്ന് പ്രസിഡൻ്റ് സ്ഥീകരിച്ചതായി മോദി വ്യക്തമാക്കി. “മേഖലയിലെ ഗുരുതരമായ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇറാൻ പ്രസിഡൻ്റ് ഡോ. മസൂദ് പെഷേഷ്കിയനുമായി ചർച്ചകൾ നടത്തി. സംഘർഷങ്ങൾ വർധിക്കുന്നതിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിലും ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു”, എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
“ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ഭദ്രതയും, ചരക്കുകളുടെയും ഊർജത്തിൻ്റെയും തടസമില്ലാത്ത ഗതാഗതത്തിൻ്റെയും ആവശ്യകത ഇന്ത്യയുടെ മുൻഗണനകളായി തുടരുന്നു എന്ന് അദ്ദേഹം സ്ഥിരീകരിച്ചു,” എന്നും എക്സിൽ കൂട്ടിച്ചേർത്തു. നിലവിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് തടയാൻ സംഘർഷം ലഘൂകരിക്കലും ക്രിയാത്മകമായ ഇടപെടലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു എന്നും മോദി വ്യക്തമാക്കി.
അതേസമയം ഇറാനിലുള്ള 9,000 പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും, എംബസികളുടെ സഹായത്തോടെ നിരവധി വിദ്യാർഥികളുൾപ്പെടെയുള്ളവർ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇതിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയുമായി മൂന്ന് തവണ ടെലിഫോൺ സംഭാഷണം നടത്തിയതായും ജയ്സ്വാൾ വ്യക്തമാക്കി.
“വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയും സമീപ ദിവസങ്ങളിൽ മൂന്ന് തവണ സംഭാഷണം നടത്തി. അവസാനമായി ഷിപ്പിങ്, ഹോർമൂസ് കടലിടുക്കിലെ ഊർജ സംരക്ഷണം എന്നിവയെപ്പറ്റിയും ചർച്ചകൾ നടത്തി”, എന്ന് ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ നിലവിൽ ഇറാനിലുള്ള ഏകദേശം 9,000 ഇന്ത്യൻ പൗരന്മാരെ വിദേശകാര്യ മന്ത്രാലയം മുൻകൈയെടുത്ത് നാട്ടിൽ എത്തിക്കുന്നുണ്ട്. ഇതിൽ വിദ്യാർഥികളും നാവികരും വിനോദ സഞ്ചാരികളുമുണ്ടെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.



Be the first to comment