ന്യൂഡൽഹി: എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കി സുപ്രീം കോടതി. ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ ജോലിയിൽ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ആരും അവർക്ക് ജോലി നൽകില്ലെന്നും കോടതി നിരീക്ഷിച്ചു.
എല്ലാ സ്വകാര്യ കമ്പനികളും നിർബന്ധമായും ആർത്തവ അവധി നൽകണമെന്ന് നിയമം വന്നാൽ, അധിക അവധി നൽകേണ്ടി വരുമെന്ന് ഭയന്ന് തൊഴിലുടമകൾ സ്ത്രീകളെ ജോലിക്ക് എടുക്കാൻ മടിച്ചേക്കാം. ഇത് സ്ത്രീകളുടെ തൊഴിലവസരങ്ങൾ കുറയാൻ കാരണമാകുമെന്നും കോടതി വ്യക്തമാക്കി
എന്നിരുന്നാലും എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം ആർത്തവ അവധി സംബന്ധിച്ച് ഒരു നയം രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. തുടർന്ന് പ്രാതിനിധ്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ അധികാരികൾക്ക് നിർദേശം നൽകി പൊതുതാത്‌പ്പര്യ ഹർജി തീർപ്പാക്കി.
ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഒരു പൊതുതാത്‌പ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ നിന്ന് തൊഴിലുടമകളെ ഇത് നിരുത്സാഹപ്പെടുത്തുമെന്നും അതുവഴി തൊഴിൽ മേഖലയിലെ അവരുടെ പങ്കാളിത്തത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം കൈകാര്യം ചെയ്‌തത്.
ആർത്തവം ഒരു ജൈവിക പ്രക്രിയയാണെന്നും അതിന് പ്രത്യേക പരിഗണന ആവശ്യമാണെന്നും കോടതി അംഗീകരിക്കുന്നുണ്ടെങ്കിലും, അത് നിയമം വഴി അടിച്ചേൽപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. ആർത്തവ അവധി നൽകണമോ വേണ്ടയോ എന്നത് കോടതിക്ക് ഉത്തരവിടാൻ കഴിയുന്ന ഒന്നല്ലെന്നും, ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനിക്കേണ്ട നയപരമായ കാര്യമാണെന്നുമാണ് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്.
അതേസമയം ആർത്തവ അവധിയെ സംബന്ധിക്കുന്ന വിഷയത്തിൽ ഒരു സ്ത്രീ പോലും കോടതിയെ സമീപിച്ചിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സ്‌ത്രീകളെക്കുറിച്ചുള്ള ഏകപക്ഷീയമായ ധാരണകൾ മനപ്പൂർവം ശക്തിപ്പെടുത്താൻ ഇത്തരം ഹർജികൾ കാരണമാകുമെന്നും ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു.
എന്നാൽ ചില സംസ്ഥാനങ്ങളും സ്ഥാപനങ്ങളും ആർത്തവ അവധി അനുവദിക്കുന്നതിനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദ് ചൂണ്ടിക്കാട്ടി. നിരവധി സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് സ്വമേധയാ അവധി നൽകിയിട്ടുണ്ടെന്നും വാദിച്ചു.
തുടർന്ന് “സ്വമേധയാ അവധി നൽകുന്നത് മികച്ചതാണ്. നിയമത്തിൽ അത് നിർബന്ധമാണെന്ന് നിങ്ങൾ പറയുമ്പോൾ, ആരും അവർക്ക് ജോലി നൽകില്ല. ജുഡീഷ്യറിയിലോ സർക്കാർ ജോലികളിലോ ആരും അവരെ പരിഗണിക്കില്ല. ഇത് സ്‌ത്രീകളുടെ ഭാവിയെ ബാധിക്കും”, എന്ന് ചീഫ് ജസ്‌റ്റിസ് മറുപടി നൽകി. ജോലിസ്ഥലത്തെ ധാരണകളിലും സ്ത്രീകളുടെ പ്രൊഫഷണൽ വളർച്ചയിലും അത്തരം നടപടികൾ ചെലുത്തുന്ന സാധ്യതയെക്കുറിച്ചും ബെഞ്ച് എടുത്തുകാണിച്ചു. അതേസമയം ഇക്കാര്യത്തിൽ ഹർജിക്കാരൻ ആവർത്തിച്ച് കോടതിയെ സമീപിക്കേണ്ട ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.



Be the first to comment