നഴ്‌സുമാരുടെ സമരം നിർത്തിവയ്ക്കാൻ ഹൈക്കോടതി; ചൊവ്വാഴ്ച നിർണായക മധ്യസ്ഥ ചർച്ച

എറണാകുളം: സംസ്ഥാനത്തെ നഴ്സുമാർ നടത്തിവരുന്ന സമരം അവസാനിക്കുന്നതിനായി ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. സ്വകാര്യ ആശുപത്രി മാനേജ്‌മെൻ്റ് അസോസിയേഷനും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും (യുഎൻഎ) തമ്മിൽ ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഹൈക്കോടതി മീഡിയേഷൻ സെൻ്ററിൽ വച്ച് മധ്യസ്ഥ ചർച്ച നടത്താൻ കോടതി നിർദേശം നൽകി. ഈ ചർച്ച പൂർത്തിയാകുന്നതുവരെ നഴ്സുമാർ സമരം ചെയ്യാൻ പാടില്ലെന്നും ഉടൻ തന്നെ എല്ലാവരും ജോലിയിൽ പ്രവേശിക്കണമെന്നും കോടതി കർശനമായി നിർദേശിച്ചു.

നഴ്സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സമരത്തിൻ്റെ ഭാഗമായി ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നും ആശുപത്രികൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും മുൻപ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഇതിൻ്റെ തുടർച്ചയായി ഹർജി പരിഗണിക്കവെയാണ് പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചുകൂടെ എന്ന് കോടതി ആരാഞ്ഞതും മധ്യസ്ഥ ചർച്ചയ്ക്കുള്ള വഴിയൊരുങ്ങിയതും.

തുടരുന്ന സമരം ശരിയായ രീതിയല്ല

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ചില ആശുപത്രി മാനേജ്‌മെൻ്റുകൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും മറ്റു ചിലർ അതിന് തയാറായിട്ടില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ വ്യക്തത വരണമെന്നുമാണ് യുഎൻഎ കോടതിയെ അറിയിച്ചത്. ചർച്ചയാവാം എന്ന നിലപാടിലേക്ക് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും എത്തിയെങ്കിലും ഒരു ഭാഗത്ത് ചർച്ച നടക്കുമ്പോൾ മറുഭാഗത്ത് സമരം തുടരുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സമരം ഒഴിവാക്കണം, നഴ്സുമാർ ജോലിയിൽ പ്രവേശിക്കണം എന്നീ രണ്ട് നിബന്ധനകളാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രധാനമായും കോടതിയിൽ മുന്നോട്ടുവച്ചത്. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ചർച്ച പൂർത്തിയാകുന്നതുവരെ സമരം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കും

ഈ മാസം 17 ചൊവ്വാഴ്ച നടക്കുന്ന മധ്യസ്ഥ ചർച്ചയ്ക്ക് മുതിർന്ന ഒരാളായിരിക്കും മേൽനോട്ടം വഹിക്കുക. ഈ ചർച്ചയുടെ വിശദമായ റിപ്പോർട്ട് 19 വ്യാഴാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. ചർച്ചയിലെ തീരുമാനങ്ങളിൽ യുഎൻഎ തൃപ്തരല്ലെങ്കിൽ അവർക്ക് സ്വാഭാവികമായും തുടർന്നും പ്രതിഷേധത്തിലേക്ക് പോകാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമരം ചെയ്യാനുള്ള അവകാശം നഴ്സുമാർക്കുണ്ടെന്നും എന്നാൽ മധ്യസ്ഥ ചർച്ച പൂർത്തിയാകുന്നതുവരെയുള്ള കാലയളവിൽ മാത്രം സമരം ഒഴിവാക്കണമെന്നുമാണ് കോടതിയുടെ നിലപാട്. വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് എത്തുന്നതോടെ മാത്രമേ വിഷയത്തിൽ പൂർണമായ വ്യക്തത വരികയുള്ളൂ. തീരുമാനങ്ങളിൽ യുഎൻഎ പൂർണ തൃപ്തരാണോ എന്ന കാര്യം അന്ന് കോടതിയെ അറിയിക്കും. പ്രതിസന്ധിയിലായ സ്വകാര്യ ആശുപത്രി മേഖലയ്ക്ക് ഹൈക്കോടതി ഇടപെടൽ വലിയൊരു ആശ്വാസമാണ് നൽകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*