സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല; കടുത്ത നിലപാടുകളിലേക്ക് പോകരുതെന്ന് നിര്‍ദേശം

സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. സുധാകരനുമായി ചെന്നിത്തല ഫോണില്‍ സംസാരിച്ചു. എഐസിസി പറയാതെ ഉറപ്പ് നല്‍കാനാവില്ലെന്ന് രമേശ് ചെന്നിത്തല സുധാകരനെ അറിയിച്ചു. കടുത്ത നിലപാടുകളിലേക്ക് പോകരുതെന്നും മാധ്യമങ്ങളെ കാണരുതെന്നും നിര്‍ദേശമുണ്ട്.

എംപിമാര്‍ മത്സരിക്കുന്നതില്‍ ഇതുവരെ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി പ്രതികരിച്ചു. അദ്ദേഹത്തിന് മത്സര സന്നദ്ധത അറിയിക്കാനുള്ള അവകാശമുണ്ട്. നിലവില്‍ ഹൈക്കമാന്റുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ല. കണ്ണൂരിന് മാത്രമല്ല കേരളത്തിന്റെ ആകെ കരുത്തുറ്റ നേതാവാണ് അദ്ദേഹം – അവര്‍ പറഞ്ഞു.

അതേസമയം, കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന കെ സുധാകരന്‍ , തീരുമാനമാവാതെ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. എഐസിസി പച്ചക്കൊടി കാട്ടാതെ ഉറപ്പ് നല്‍കാനാവില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സുധാകരനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല നേരിട്ട് രംഗത്തിറങ്ങിയത്. ഇന്ന് രാവിലെയും സുധാകരനുമായി സംസാരിച്ച ചെന്നിത്തല, കടുത്ത നിലപാടുകളിലേക്ക് പോകരുതെന്നും പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

അതിനിടെ എറണാകുളം ജില്ലയിലെ പറവൂര്‍, ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ സുധാകരനായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വിഡി സതീശന്റെ ഓഫീസിന് സമീപവും ബോര്‍ഡുകള്‍ ഉയര്‍ന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. .അതിനിടെ സുധാകരന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള നിലപാട് തിരുത്തി സതീശന്‍ രംഗത്തെത്തി.. പോസ്റ്റ് ഇട്ടത് സുധാകരനല്ല എന്ന മുന്‍ നിലപാട് മാറ്റിയ അദ്ദേഹം, സുധാകരന്‍ കണ്ണൂരുമായുള്ള തന്റെ വൈകാരിക ബന്ധത്തെക്കുറിച്ചാണ് പറഞ്ഞതെന്നും അതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*