‘മുജ്തബ ഖമനയി ആരോഗ്യവാൻ; ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നു’; ഇറാൻ

പരമോന്നത നേതാവ് മുജ്തബ ഖമനയി ആരോഗ്യവാനാണെന്നും ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നുവെന്നും ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടൻ ആസ്ഥാനമായുള്ള അറബിക് പത്രമായ അൽ-അറബി അൽ-ജദീദിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

യുദ്ധത്തിന് അന്ത്യം കുറിക്കാൻ പ്രാദേശിക സഹകരണം ആവശ്യമാണെന്നും അര​ഗ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്ക് യുഎസിനും അവരുടെ സഖ്യകക്ഷികൾക്കും ഒഴികെ എല്ലാവർക്കും തുറന്നിരിക്കുന്നുവെന്നും ഇറാൻ വ്യക്തമാക്കി. മാർച്ച് 8ന് ഇറാന്റെ പരമോന്നത നേതാവായി നിയമിതനായ ശേഷം മുജ്തബ ഇതുവരെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നില്ല.

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മുജ്തബ ഖമനയിക്ക് ​ഗുരുതരമായി പരുക്കേറ്റെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏത് തരത്തലുള്ള പരുക്കാണ് മോജ്തബ ഖമനയിയുടേതെന്ന് വ്യക്തമായില്ലായിരുന്നു. അതേസമയം ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തുടർന്ന് ഇറാൻ. കുവൈറ്റ് വിമാനത്താവളത്തിലടക്കം ആക്രമണമുണ്ടായി. ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയ 25 പേർകൂടി UAE-ൽ പിടിയിലായി.

Be the first to comment

Leave a Reply

Your email address will not be published.


*