കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളം, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഏപ്രില്‍ 09നാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടില്‍ ഏപ്രില്‍ 23ന് ജനങ്ങള്‍ വിധിയെഴുതും. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 23, ഏപ്രില്‍ 29 തിയതികളിലാണ് ബംഗാളിലെ വോട്ടെടുപ്പ്. അഞ്ചിടങ്ങളിലും മെയ് 04നാണ് വോട്ടെണ്ണല്‍.
അസമില്‍ 2.50 കോടി വോട്ടര്‍മാരും, കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരും, പുതുച്ചേരിയില്‍ 9.44 ലക്ഷം വോട്ടര്‍മാരും, തമിഴ്നാട്ടില്‍ 5.67 കോടി വോട്ടര്‍മാരും, പശ്ചിമ ബംഗാളില്‍ 6.44 കോടി വോട്ടര്‍മാരുമാണ് വിധിയെഴുതുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് വൈകീട്ട് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്.
കേരളത്തില്‍ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം, റാമ്പ് , വെളിച്ചം ,വീല്‍ ചെയര്‍ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകള്‍ക്ക് പുറത്ത് മൊബൈലുകള്‍ സൂക്ഷിക്കാന്‍ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1200 വോട്ടര്‍മാര്‍ മാത്രമാകും അനുവദിക്കുക.
ഓരോ രണ്ടുമണിക്കൂറിലും പ്രിസെഡിംഗ് ഓഫിസര്‍ പോളിംഗ് നിരക്ക് അപ്പ് ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് ആക്രമരഹിതമാകാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കും. 5 സംസ്ഥാനങ്ങളിലായി 17.4 കോടി വോട്ടര്‍മാരാണ് ഉള്ളത്.
824 നിയോജകമണ്ഡലങ്ങള്‍. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. എല്ല വോട്ടര്‍ മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ, ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദേഹം പറഞ്ഞു.



Be the first to comment