‘പൊതുസേവനത്തിൻ്റെ ഉദാത്ത മാതൃക’; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഓം ബിര്‍ള

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോക്‌സഭ സ്‌പീക്കർ ഓം ബിർള. സ്‌പീക്കറെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസ പ്രമേയം തള്ളിയതിന് പിന്നാലെയാണിത്. പ്രമേയം തള്ളിയതിനെ തുടർന്ന് നരേന്ദ്ര മോദി അയച്ച അഭിനന്ദന കത്തിന് നന്ദി അറിയിക്കുകയായിരുന്നു അദ്ദേഹം.

എനിക്ക് നിങ്ങളുടെ കത്ത് ലഭിച്ചു. പാർലമെൻ്ററി നിയമങ്ങളിലും നടപടിക്രമങ്ങളിലും സംവാദത്തിൻ്റെ മൂല്യത്തിലുമുള്ള പ്രധാനമന്ത്രിയുടെ “അചഞ്ചലമായ വിശ്വാസം” എടുത്തുപറയേണ്ടതാണ്. പൊതുസേവനത്തിൻ്റെ ഏറ്റവും ഉയർന്ന നൈതിക മൂല്യങ്ങളെ നിങ്ങളുടെ കത്ത് പ്രതിഫലിപ്പിക്കുന്നു. പാർലമെൻ്റിൽ ഉയരുന്ന ഓരോ വിഷയത്തിന് പരിഹാരം കണ്ടെത്തുകയും എല്ലാവരെ ഒരുപോലെ വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും ഓം ബിർള എകസിൽ കുറിച്ചു.

ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ശബ്‌ദമെന്ന നിലയിൽ പാർലമെൻ്റിൽ ഉയരുന്ന ഓരോ ശബ്‌ദത്തെയും ആവശ്യങ്ങളെയും ബഹുമാനിക്കുന്നുവെന്നും പാർലമെൻ്ററി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനും മോദി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പ്രധാനമന്ത്രി അയച്ച സന്ദേശത്തിന് സ്‌പീക്കർ നന്ദി പറയുകയും ചെയ്‌തു. ഈ അടുത്താണ് പ്രതിപക്ഷം സ്‌പീക്കർ ഓം ബിർളയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. സ്‌പീക്കർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നാണ് സ്‌പീക്കർക്കെതിരെയുള്ള ആരോപണം. എന്നാൽ അവിശ്വാസ പ്രമേയം ശബ്‌ദവോട്ടോടെ തള്ളുകയായിരുന്നു.

സഭയിൽ നടന്ന കടുത്ത വാദപ്രതിവാദങ്ങൾക്കും പ്രതിപക്ഷത്തിൻ്റെ മുദ്രാവാക്യം വിളികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് പ്രമേയം തള്ളിയത്. 118 പ്രതിപക്ഷ എംപിമാർ ചേർന്നാണ് ലോക്‌സഭയിൽ നോട്ടിസ് സമർപ്പിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയതിന് പിന്നാലെ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. ഭരണഘടനാ മാനദണ്ഡങ്ങളുടെ സുപ്രധാന സൂക്ഷിപ്പുകാരനാണ് ഓം ബിർളയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുകയും ചെയ്‌തു.

ഇത്തരം രാഷ്ട്രീയ വിയോജിപ്പ് പാർലമെൻ്ററി മാന്യതയോടുള്ള ആദരവിൻ്റെ അഭാവമായി മാറുകയാണെന്നും അത് ആശങ്കജനകമാണെന്നും മോദി കത്തിൽ പറഞ്ഞു. മുൻ സ്‌പീക്കർ സുമിത്ര മഹാജൻ്റെ കാലത്തും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. നിലവിലെ പ്രതിപക്ഷത്തിൻ്റെ പെരുമാറ്റം വംശപരവും ഫ്യൂഡൽ മനോഭാവവുമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മിക്ക സമയങ്ങളിലും സമാന സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സ്‌പീക്കർ കാണിച്ച സംയമനം, സന്തുലിതാവസ്ഥ, നിഷ്‌പക്ഷത എന്നിവ എടുത്ത് പറയേണ്ടതാണെന്നും ഇത് പാർലമെൻ്ററി ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*