‘രക്തസാക്ഷി ഫണ്ട് വിവാദം’; ചെങ്കോട്ട കുലുക്കാൻ ഒറ്റയാൾ പോരാട്ടം, വി കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ മത്സരിക്കും

കണ്ണൂർ: ആലപ്പുഴയിലെ അമ്പലപ്പുഴയ്ക്ക് പിന്നാലെ സിപിഎമ്മിൻ്റെ ഉരുക്കുകോട്ടയായ കണ്ണൂർ ജില്ലയിലും പാർട്ടിക്ക് കടുത്ത സ്വതന്ത്ര ഭീഷണി ഉയരുന്നു. സിറ്റിങ് എംഎൽഎയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനാണ് നേതൃത്വത്തിനെതിരെ തിരുത്തൽ ശക്തിയായി രംഗത്തിറങ്ങുന്നത്. രക്തസാക്ഷി ഫണ്ടിലെ അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നേതൃത്വം കൃത്യമായ മറുപടി നൽകാത്തതിനെ തുടർന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.

ഉലയുന്ന ചെങ്കോട്ട

പെരുമ്പുഴ മുതൽ കരിവെള്ളൂർ വരെ നീളുന്ന, മുനിയൻകുന്നും കരിവെള്ളൂർ രക്തസാക്ഷി സ്മാരകവും ഉൾപ്പെടുന്ന പയ്യന്നൂർ മേഖല എക്കാലത്തും സിപിഎമ്മിൻ്റെ ചോദ്യം ചെയ്യപ്പെടാത്ത ചെങ്കോട്ടയാണ്. എവിടെ തിരിഞ്ഞുനോക്കിയാലും ചെങ്കൊടിക്കരുത്ത് മാത്രം കാണുന്ന, ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും ഇടറാതെ നിന്ന ഈ മണ്ഡലത്തിലാണ് വി കുഞ്ഞികൃഷ്ണൻ എന്ന മുതിർന്ന സഖാവ് സ്വന്തം പാർട്ടിക്കകത്ത് വലിയൊരു ഒറ്റയാൾ പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന ഭിന്നതകൾക്കൊടുവിലാണ് അദ്ദേഹം പുറത്തായതും ഇപ്പോൾ സ്ഥാനാർഥിത്വത്തിലേക്ക് എത്തിയതും.

സിറ്റിങ് എംഎൽഎയായ ടിഐ മധുസൂദനൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ പാർട്ടിയിൽ വലിയ വിഭാഗീയതയാണ് ഉയർന്നുവന്നത്. അവസാന നിമിഷം വരെ നേതൃത്വത്തിൻ്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു തിരുത്തൽ ഉണ്ടാകുമെന്ന് വി കുഞ്ഞികൃഷ്ണൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം കടുത്ത തീരുമാനങ്ങളിലേക്ക് കടന്നത്. ടിഐ മധുസൂദനൻ്റേത് ബൂർഷ്വാ കമ്യൂണിസ്റ്റ് ശൈലിയാണെന്നാണ് അദ്ദേഹത്തിൻ്റെ പ്രധാന വിമർശനം. തൻ്റെ മത്സരം കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയല്ലെന്നും മറിച്ച് പാർട്ടിയെ തകർക്കുന്നവർക്ക് എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

രക്തസാക്ഷി ഫണ്ട് വിവാദം

പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികമായ വിഷയമാണ് രക്തസാക്ഷി ഫണ്ട്. ഈ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ തുറന്നുപറഞ്ഞാൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് പൂർണ ബോധ്യമുണ്ടായിട്ടും അദ്ദേഹം പിന്മാറാൻ തയ്യാറായില്ല. തൻ്റെ ഈ ഒറ്റയാൾ പോരാട്ടത്തിൽ ആരും കൂടെയുണ്ടാകില്ലെന്ന യാഥാർഥ്യം മനസിലാക്കി തന്നെയാണ് അദ്ദേഹം നിലപാടുകൾ സ്വീകരിച്ചത്. മുൻകാലങ്ങളിൽ എംവി രാഘവൻ്റെ പുറത്താക്കലിന് ശേഷം കണ്ണൂരിലെ പാർട്ടിയെ ഇത്രത്തോളം പിടിച്ചുകുലുക്കിയ മറ്റൊരു സംഭവം അടുത്ത കാലത്തുണ്ടായിട്ടില്ല.
അതേസമയം കോൺഗ്രസിനും യുഡിഎഫിനും കാര്യമായ സ്വാധീനമില്ലാത്ത പയ്യന്നൂർ മണ്ഡലത്തിൽ വി കുഞ്ഞികൃഷ്ണന് പ്രതിപക്ഷം പിന്തുണ നൽകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അത്തരമൊരു പിന്തുണ ലഭിക്കുകയാണെങ്കിൽ അമ്പലപ്പുഴയ്ക്ക് സമാനമായി പയ്യന്നൂരും യുഡിഎഫിനെ സംബന്ധിച്ച് വലിയൊരു രാഷ്ട്രീയ വിസ്മയമായി മാറാൻ സാധ്യതയുണ്ട്.

അരനൂറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യം

പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്. ഇതോടെ അവസാനിക്കുന്നത് അദ്ദേഹത്തിൻ്റെ 50 വർഷം നീണ്ട സുദീർഘമായ കമ്യൂണിസ്റ്റ് പ്രവർത്തനമാണ്. വി കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങളെ അക്കമിട്ടാണ് അദ്ദേഹം നേരിട്ടത്.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ താൻ ഉന്നയിച്ച കാര്യങ്ങളിൽ പൂർണമായും ഉറച്ചുനിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. താൻ ഉന്നയിച്ച കൃത്യമായ ആരോപണങ്ങൾക്ക് മറുപടി പറയാൻ ജില്ലാ സെക്രട്ടറി തയ്യാറായില്ലെന്നും കെകെ രാഗേഷിൻ്റെ പ്രതികരണം കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയാൻ ഇന്നുവരെ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം തൻ്റെ രാഷ്ട്രീയ പോരാട്ടവുമായി മുന്നോട്ട് പോകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*