ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ സിപിഐഎം. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും. കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടപടിയില്‍ തീരുമാനമെടുക്കും. പത്മകുമാര്‍ നല്‍കിയ വിശദീകരണം സമഗ്രമായി പരിശോധിക്കാനും സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

പാര്‍ട്ടി പദവികളില്‍ നിന്ന് പത്മകുമാറിനെ പൂര്‍ണമായി നീക്കണമെന്നാണ് ആവശ്യമുയര്‍ന്നിരുന്നത്. പാര്‍ട്ടി നടപടി പ്രഖ്യാപിക്കും മുമ്പേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.

പത്മകുമാറിനെ ഇതുവരെ പൂര്‍ണമായി തള്ളിക്കളയാനോ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ തയ്യാറാകാത്ത പാര്‍ട്ടി ഇനി എന്ത് നിലപാടാകും ഇക്കാര്യത്തില്‍ എടുക്കുക എന്നത് വലിയ ആകാംഷയുണ്ടായിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രം വന്നതിന് ശേഷമാകാം പത്മകുമാറിനെതിരായ നടപടിയെന്നാണ് മുന്‍പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്.

സ്വര്‍ണക്കൊള്ളയില്‍ വിശദീകരണം തേടി പാര്‍ട്ടി പത്മകുമാറിന് നോട്ടീസ് അയയ്ക്കുകയും തെറ്റ് ചെയ്തിട്ടില്ലെന്ന് പത്മകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായി 105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനാല്‍ പത്മകുമാര്‍ പുറത്തിറങ്ങിയത്.

ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. സ്വര്‍ണപാളികള്‍ ചെമ്പാക്കി രേഖയുണ്ടാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സംഘത്തിന് സ്വര്‍ണകൊള്ളക്ക് അവസരമൊരുക്കിയെന്നാണ് എസ്ഐടി കണ്ടെത്തല്‍. എന്നാല്‍ 90 ദിവസത്തിനകം രണ്ടു കേസിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തിനാല്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*