കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല; കൂടിക്കാഴ്ച നടത്തി; സുധാകരന്‍ പാര്‍ട്ടിയുടെ കരുത്തെന്ന് ചെന്നിത്തല

കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല. ഗോദാവരിയിലെ സുധാകരന്‍ എംപിയുടെ ഫ്‌ലാറ്റില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഷമ മുഹമ്മദും സുധാകരനെ കാണാന്‍ എത്തി. 

കെ സുധാകരന്‍ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കന്‍മാരില്‍ ഒരാളാണെന്നും പാര്‍ട്ടിയുടെ കരുത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞാന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഒന്‍പത് വര്‍ഷം എന്നോടൊപ്പം ജനറല്‍ സെക്രട്ടറിയായിരുന്നു. അദ്ദേഹം ഇപ്പോള്‍ പാര്‍ലമെന്റ് അംഗമാണ്. കോണ്‍ഗ്രസിന്റെ കരുത്താണ് സുധാകരന്‍. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചു. തീരുമാനമെടുക്കുന്നത് ഞാന്‍ അല്ലല്ലോ. പാര്‍ട്ടി ഹൈക്കമാന്‍ഡാണ്. നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഏത് ഘട്ടത്തിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തകരുണ്ട്. അനുനയിപ്പിക്കാന്‍ അദ്ദേഹം ആരോടും പിണങ്ങിയിട്ടില്ല. അദ്ദേഹത്തോടും ആരും പിണങ്ങിയിട്ടില്ല – രമേശ് ചെന്നിത്തല പറഞ്ഞു.

സുധാകരന്‍ മത്സരിക്കുന്നത് അല്ലേ കോണ്‍ഗ്രസിന് നല്ലത് എന്ന് ചോദ്യത്തിന് അദ്ദേഹത്തിന് ഒപ്പം എപ്പോഴും പ്രവര്‍ത്തകര്‍ ഉണ്ട് എന്ന മറുപടിയാണ് ചെന്നിത്തല നല്‍കിയത്. താനുമായി ഏറെ അടുപ്പം ഉള്ള നേതാവാണ് സുധാകരന്‍ എന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. കെ സുധാകരനും അടൂര്‍ പ്രകാശനും അടക്കം മത്സര സന്നദ്ധത അറിയിച്ച എംപിമാര്‍ക്കാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അടൂര്‍ പ്രകാശുമായി നേതാക്കള്‍ ആശയവിനിമയം നടത്തിയതായി ആണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് കെ സുധാകരന്‍.നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് കെ സുധാകരനുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിച്ചു. സുധാകരനെ അനുനയിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ കണ്ണൂര്‍ ഡിസിസിയില്‍ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ കെ സുധാകരന്‍ എത്തുന്നു എന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*