കെ സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം. സുധാകരന്റെ നിലപാടിൽ മാറ്റം വരുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നേതൃത്വം എടുത്താൽ പിന്നെ ആരെയും മത്സരിപ്പിക്കാൻ സാധിക്കില്ല. ഹൈക്കമാന്റിന്റെയും പാർട്ടിയുടെയും നിലപാട് സുധാകരനെ അറിയിക്കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാക്കൾക്കുണ്ട്. അതുകൊണ്ടാണ് അദ്ദേഹവുമായി ഏറ്റവും അടുപ്പം പുലർത്തുന്ന രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിക്കാനായി പോയിരിക്കുന്നത്. കെ സുധാകരനുമായി അനുനയം നടന്നോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളിൽ മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
കെ സുധാകരനെ അനുനയിപ്പിക്കാൻ താൻ ശ്രമിച്ചിട്ടില്ല. പാർട്ടിയ്ക്കകത്ത് തന്നെ ഏല്പിച്ച ചില ഉത്തരവാദിത്വങ്ങളുണ്ട്. ഏൽപ്പിക്കാതെ ജോലി ചെയ്യേണ്ട ആവശ്യം തനിക്കില്ല. വിഷയത്തിൽ കെ സുധാകരനുമായി നേരിൽ സംസാരിച്ചിട്ടില്ല. പാർട്ടിയ്ക്കൊരു സിസ്റ്റം ഉണ്ട് അതിനനുസരിച്ചായിരിക്കും എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ല എന്നാണ് കോൺഗ്രസ് തീരുമാനം. കെ സുധാകരനും അടൂർ പ്രകാശനും അടക്കം മത്സര സന്നദ്ധത അറിയിച്ച എംപിമാർക്കാർക്കും സീറ്റ് നൽകേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അടൂർ പ്രകാശുമായി നേതാക്കൾ ആശയവിനിമയം നടത്തിയതായി ആണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുതന്നെയാണ് കെ സുധാകരൻ.നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലെത്തിയ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് മുൻപ് കെ സുധാകരനുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സംസാരിച്ചു. സുധാകരനെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. അതിനിടെ കണ്ണൂർ ഡിസിസിയിൽ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ സുധാകരൻ എത്തുന്നു എന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.



Be the first to comment