മധുരം കഴിച്ചില്ലെങ്കിലും ഷു​ഗറു കൂടും; ഭക്ഷണം മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്ന 5 ഘടകങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടിയാൽ ആദ്യം കുറ്റപ്പെടുത്തുക എപ്പോഴും ഭക്ഷണത്തെ ആയിരിക്കും. പ്രത്യേകിച്ച് പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ അല്ലെങ്കിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ. എന്നാൽ രക്തത്തിലെ ​ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾക്ക് പിന്നിൽ ഭക്ഷണം മാത്രമായിരിക്കണമെന്നില്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങൾ ഒരു തരി മധുരം കഴിച്ചില്ലെങ്കിൽ പോലും രക്തത്തിലെ ​ഗ്ലൂക്കോസ് അളവു ഉയരാം. അത് എങ്ങനെയെന്നല്ലേ? രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്ന 5 ഘടകങ്ങൾ ഇതാ:

മാനസികസമ്മർ​ദം

മാനസിക സമ്മർദം അതിനൊരു പ്രധാന ഘടകമാണ്. സമ്മർദം സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് വ‍ർധിപ്പിക്കുകയും ശരീരത്തെ ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഊ‍ർജ്ജം വേ​ഗം കൂടാനും രക്തപ്രവാഹത്തിലേക്ക് ​ഗ്ലൂക്കോസിനെ എത്തിക്കാനും കരളിന് സൂചന നൽകുന്നു.

ഇത് രക്തത്തിൽ ​ഗ്ലൂക്കോസ് കൂടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാനും കാരണമാകും. വിട്ടുമാറാത്ത സമ്മർദം സ്ഥിരമായ ​ഗ്ലൂക്കോസ് വർധനവിന് കാരണമാകും ഇത് ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

ഉറക്കമില്ലായ്മ

ഒരു രാത്രിയിലെ ഉറക്കക്കുറവു പോലും ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കും. അതായത്, ​ഗ്ലൂക്കോസ് രക്തത്തിൽ കൂടുതൽ നേരം നിലനിൽക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാൻ കാരണമാവുകയും ചെയ്യും. ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കാൻ ശ്രമിക്കുന്നവരിൽ പോലും ദീർഘകാല ഉറക്കക്കുറവ് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

വ്യായാമം

ചിലപ്പോൾ വ്യായാമം ചെയ്യുന്നതു പോലും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാൻ കാരണമാകും. ചില തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് തീവ്രമായതോ പ്രതിരോധ പരിശീലനമോ പേശികളെ ശക്തിപ്പെടുത്തുന്നതിന് രക്തത്തിലേക്ക് കൂടുതൽ ​ഗ്ലൂക്കോസ് പുറത്തുവിടാൻ ശരീരത്തെ പ്രേരിപ്പിക്കും.

എന്നാൽ ഇത് താൽക്കാലികമായിരിക്കും, ദോഷകരവുമല്ല. പതിവ് വ്യായാമം കാലക്രമേണ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ശരീരത്തെ രക്തത്തിലെ പഞ്ചസാരയെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

അണുബാധ

അണുബാധ അല്ലെങ്കിൽ എന്തെങ്കിൽ രോ​ഗാവസ്ഥയിൽ കൂടി കടന്നു പോകുമ്പോൾ ശരീരം രോ​ഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ​ഗ്ലൂക്കോസ് രക്തത്തിലേക്ക് പുറത്തുവിടുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോ​ഗികളിൽ ഈ സമയങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുതലായി കാണപ്പെടാം. ഇത് വളരെ സാധാരണമാണ്. അതനുസരിച്ച് മരുന്നുകൾ ക്രമീകരിക്കേണ്ടതായി വന്നേക്കാം.

ഹോർമോണുകൾ‌

ആർത്തവചക്രത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഹോർമോൺ വ്യതിയാനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാം. ആർത്തവചക്രത്തിന്റെ ലുട്ടെൽ ഘട്ടത്തിൽ ഉയർന്ന പ്രൊജസ്ട്രോൺ കോശങ്ങളെ കൂടുതൽ ഇൻസുലിൻ പ്രതിരോധശേഷിയുള്ളതാക്കും.

ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും. കൂടാതെ, പെരിമെനോപോസ്, ആർത്തവവിരാമ ഘട്ടങ്ങളിലും ഈസ്ട്രജന്റെ അളവ് കുറയുന്നത് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും ശരീരം ഗ്ലൂക്കോസിനെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ബാധിക്കുകയും ചെയ്യും.

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പതിവായി വർധിക്കുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് 40-കളിലും 50-കളിലും പ്രായമുള്ള സ്ത്രീകൾക്ക് ശരീരഭാരം വർധിക്കൽ, ക്ഷീണം അല്ലെങ്കിൽ ബ്രെയിൻ ഫോ​ഗ് എന്നിവ അനുഭവപ്പെടുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത് എപ്പോഴും ആശങ്കപ്പെടേണ്ട കാര്യമല്ല, സന്ദർഭം പ്രധാനമാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*