മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ വള്ളിക്കുന്നിലേക്ക് പരിഗണിച്ച് എൽഡിഎഫ്. ഷാഫി ചാലിയവുമായി ചർച്ച നടത്തി ഐഎൻഎൽ. സ്വാതന്ത്രസ്ഥാനാർത്തിയായി മത്സരിക്കാൻ ഷാഫിയോട് ആവശ്യപ്പെട്ടു. നേരത്തെ വള്ളിക്കുന്ന് സീറ്റിൽ മുസ്ലിം ലീഗ് ഷാഫി ചാലിയത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ഷാഫി ചാലിയം. എൽഡിഎഫ് ക്ഷണം സ്ഥിരീകരിച്ച് ഷാഫി ചാലിയം . ഇടതുമുന്നണി നേതാക്കൾ വിളിച്ച് വള്ളിക്കുന്നിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. ലീഗ് തനിക്ക് സീറ്റ് നിഷേധിച്ച കാര്യം അറിഞ്ഞാണ് ഇടതുമുന്നണി നേതാക്കൾ ബന്ധപ്പെട്ടത്. പാർട്ടി വിടുന്ന കാര്യം ആലോചനയിലെ ഇല്ലെന്ന് ഷാഫിചാലിയം വ്യക്തമാക്കി.
വള്ളിക്കുന്നിൽ സിറ്റിങ് എംഎൽഎ ടി.വി ഇബ്രാഹിമിനെ വീണ്ടും സ്ഥാനാർഥിയാക്കിയതിലെ അതൃപ്തി ലക്ഷ്യം വച്ചായിരുന്നു എൽഡിഎഫ് നീക്കം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം വളരെ മികച്ചതാണെന്ന് മാധ്യമലോകം ഉൾപ്പെടെ വിലയിരുത്തിയതായി അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പരിണിതപ്രജ്ഞരും യുവാക്കളും വിദ്യാർഥി നേതാക്കളും വനിതകളും ഉൾക്കൊള്ളുന്ന പാനൽ ഇതിനോടകം പൊതുസമൂഹത്തിന്റെ സ്വീകാര്യത നേടിക്കഴിഞ്ഞു. ഇനി സ്ഥാനാർഥികളുടെ വിജയത്തിനായുള്ള കഠിന പോരാട്ടത്തിന്റെ നാളുകളാണെന്നും, പാർട്ടി സ്ഥാനാർഥികളാവാൻ അവസരം ലഭിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങളും വിജയാശംസകളും നേർന്നു.



Be the first to comment