ന്യൂഡൽഹി: ഇറാന് ശക്തമായ മുന്നറിയിപ്പ് നല്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഖത്തറില്‍ ആക്രമം തുടര്‍ന്നാല്‍ പ്രതികാരം ചെയ്യുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാൻ്റെ ഗ്യാസ് ഫീൽഡ് ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ട്രംപ് അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) സൗകര്യങ്ങളിലൊന്നായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാന് ആക്രമണം നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. എൽഎൻജി ഗ്യാസ് കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു.
“ഇസ്രയേൽ ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് എന്നറിയപ്പെടുന്ന ഒരു പ്രധാന കേന്ദ്രത്തിനെതിരെ ആക്രമണം നടത്തി. ആ ആക്രമണത്തില്‍ താരതമ്യേന ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഈ പ്രത്യേക ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നും അറിയില്ലായിരുന്നു” യുഎസ് പ്രസിഡൻ്റ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഗ്യാസ് ഫീൽഡുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഇനി ഒരു ആക്രമണവും നടത്തില്ല. ആക്രമണത്തില്‍ നിരപരാധിയായ ഖത്തറിനെ ആക്രമിക്കാൻ ഇറാന് ബുദ്ധിശൂന്യമായി തീരുമാനിച്ചെങ്കില്‍, ഇസ്രയേലിൻ്റെ സഹായമോ സമ്മതമോ ഇല്ലാതെ അമേരിക്ക തിരിച്ചടിക്കും. ഇറാൻ്റെ ഊര്‍ജ്ജ കേന്ദ്രമായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് മുഴുവൻ അമേരിക്ക നശിപ്പിക്കും. ഇറാൻ്റെ ഭാവി കണക്കിലെടുത്ത് ഒരു തരത്തിലുള്ള അക്രമത്തിനും നാശത്തിനും അംഗീകാരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഖത്തറിൻ്റെ എൽഎൻജി വീണ്ടും ആക്രമിക്കപ്പെട്ടാൽ, ഞാൻ അങ്ങനെ ചെയ്യാൻ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഭീഷണി മുഴക്കി ഇറാൻ പ്രസിഡൻ്റ്
അതേസമയം ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ സൗത്ത് പാർസിൽ ആക്രമണം നടന്നതിന് പിന്നാലെ ഭീഷണി മുഴക്കി ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്കിയൻ രംഗത്ത് വന്നിരുന്നു. “ലോകത്തെ മുഴുവൻ വിഴുങ്ങാൻ സാധ്യതയുള്ള അനിയന്ത്രിതമായ പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന് അദ്ദേഹം ഭീഷണി ഉയര്‍ത്തി. പിന്നാലെയാണ് മറുപടിയുമായി ട്രംപ് രംഗത്തെത്തിയത്.
എണ്ണ വില കുതിച്ച് ഉയര്‍ന്നു
ഇറാനും ഇസ്രയേലും പരസ്പരം ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിച്ചതോടെ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് നാല് ശതമാനത്തിലധികം ഉയർന്ന് 112.17 ഡോളറിലെത്തി. ഹോർമുസ് കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ ക്രമാതീതമായി കൂടിയിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ബ്രെൻ്റ് ക്രൂഡിൻ്റെ വില ഏകദേശം 50 ശതമാനത്തോളമാണ് ഉയര്‍ന്നത്.
ആഗോള ഊർജ്ജ വിതരണത്തിലെ തടസങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധി ച്ചുകൊണ്ടിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ബുധനാഴ്ചയാണ് ഇസ്രയേല്‍ ഇറാൻ്റെ ഗ്യാസ് ഫീൽഡ് ആക്രമണം നടത്തിയത്. പിന്നാലെ ഖത്തറിലെ പ്രകൃതിവാതക ഫീൽഡ് ആക്രമിച്ചുകൊണ്ട് ഇറാൻ ശക്തമായി തിരിച്ചടിച്ചു.



Be the first to comment