കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ ഭിന്നതകളുണ്ടായതായി സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ ഭിന്നതകളുണ്ടായതായി സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സ്ഥാനാര്‍ഥി പട്ടികയില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ സമയമെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പര്‍വതീകരിച്ച് നല്‍കി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. താന്‍ പാര്‍ട്ടിക്ക് വിധേയനെന്ന് കെ സുധാകരന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അത്തരം വിവാദങ്ങളെല്ലാം ഇനി അടഞ്ഞ അധ്യായമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. 

തനിക്ക് പേരാവൂരില്‍ മികച്ച വിജയപ്രതീക്ഷയുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. താന്‍ പേരാവൂരില്‍ മുമ്പും മത്സരിച്ചിട്ടുണ്ട്. ശൈലജ ടീച്ചര്‍ക്കെതിരെയും മത്സരിച്ചിട്ടുണ്ട്. ഇപ്പോള്‍ മത്സരചിത്രത്തില്‍ എന്തെങ്കിലും വലിയ മാറ്റമുണ്ടായതായി കരുതുന്നില്ല. പൊതുവില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണ്. അത് തദ്ദേശ തിരഞ്ഞെടുപ്പിലും കണ്ടതാണ്. അതിലും മെച്ചപ്പെട്ട വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ അനൈക്യമെന്നത് ചില മാധ്യമങ്ങളുടെ നുണബോംബെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചത്. ഒരു ചാനല്‍ കോണ്‍ഗ്രസിനെതിരെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 40ഓളം വ്യാജവാര്‍ത്തകളുണ്ടാക്കിയെന്നാണ് വി ഡി സതീശന്റെ ആരോപണം. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കപ്പുറം ജനങ്ങളുടെ മനസിലാണ് യുഡിഎഫ്. അതിനെ തകര്‍ക്കാനാകില്ല. വ്യാജ വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് പാവം സുധാകരനെ അധിക്ഷേപിക്കാന്‍ ശ്രമം നടന്നു. താനും കെ സി വേണുഗോപാലും അടിച്ചുപിരിഞ്ഞുവെന്ന വാര്‍ത്ത തങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട് ചിരിച്ചെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*