‘ഇറാന്റെ വാതകപ്പാടങ്ങള്‍ വീണ്ടും ലക്ഷ്യമിട്ടാല്‍ സംയമനം പാലിക്കില്ല’; മുന്നറിയിപ്പുമായി അബ്ബാസ് അരഗ്ചി

ഇറാന്റെ വാതകപ്പാടങ്ങള്‍ വീണ്ടും ലക്ഷ്യമിട്ടാല്‍ സംയമനം പാലിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് ഇറാന്റെ വാതകപ്പാടങ്ങള്‍ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ പ്രതികരണം. ഇനി ആക്രമിച്ചാല്‍ സംയമനം പാലിക്കില്ല. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ ആക്രമണശേഷിയുടെ ചെറിയ അംശം മാത്രമെന്നാണ് പ്രതികരണം.

അതിനിടെ, ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാന്‍ സഹായിക്കാന്‍ തയാറാണെന്ന് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലണ്ട്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ചതായി ഐആര്‍ജിസി അവകാശപ്പെട്ടു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഏപ്രില്‍ അവസാനം വരെ തുടര്‍ന്നാല്‍ എണ്ണ വില ബാരലിന് 180 ഡോളറിനു മുകളിലായി ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് 1,650 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചതിനു പിന്നാലെ യു എ ഇയ്ക്കാണ് 700 കോടി ഡോളറിന്റെ ആയുധം നല്‍കുന്നതെന്ന് ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന് 20,000 കോടി ഡോളര്‍ അനുവദിക്കണമെന്ന പെന്റഗണിന്റെ ആവശ്യം യു എസ് കോണ്‍ഗ്രസ് അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*