യുകെ കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പ്; സഫോക്കിലെ ആദ്യ ഏഷ്യൻ വനിതാ സ്ഥാനാർഥിയായി കാഞ്ഞങ്ങാട് സ്വദേശിനി

ഇസ്വിച്ച്: യുകെ രാഷ്ട്രീയത്തിൽ കരുത്തുറ്റ സാന്നിധ്യമായി മലയാളി അഭിഭാഷക. സഫോക്ക് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായായാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ ജയാ ജോർജി മത്സരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ലേബർ പാർട്ടി പുറത്തു വിട്ടിരുന്നു. സഫോക്ക് കൗണ്ടി കൗൺസിലിൽ മത്സരിക്കുന്ന ആദ്യ ഏഷ്യൻ വനിതയെന്ന ചരിത്രം കുറിച്ച് കൊണ്ടാണ് ലേബർ പാർട്ടിയുടെ പ്രധാന സീറ്റുകളിലൊന്നിൽ ജയ ജനവിധി തേടുന്നത്.

ഇപ്സ്വിച്ചിൽ താമസിക്കുന്ന ജയ തുടക്കം മുതൽ തന്നെ ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്നു. പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വുമൺ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജയ, ഇത്തവണ ലേബർ പാർട്ടി ദേശീയ സമ്മേളന പ്രതിനിധി കൂടിയായിരുന്നു. നിലവിൽ എൻഎച്ച്എസിലും (NHS) സേവനമനുഷ്ഠിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇപ്സ്വിച്ചിലെ സാമൂഹിക മണ്ഡലത്തിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്ക് ഒരു മലയാളി കടന്നുവരുന്നത് ഇതാദ്യമാണ്.

കാഞ്ഞങ്ങാട്ടെ അഭിഭാഷകനായിരുന്ന ജോസിന്റെയും കോളേജ് പ്രഫസറായിരുന്ന മേരിക്കുട്ടിയുടെയും മകളാണ് ജയ. മാതാപിതാക്കളിൽ നിന്ന് ലഭിച്ച സാമൂഹിക പ്രതിബദ്ധതയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് ജയ പറയുന്നു. വർഷങ്ങൾക്ക് മുൻപ് കേംബ്രിജിൽ മികച്ച നഴ്സിനുള്ള പുരസ്കാരം നേടിയ ജോർജി എബ്രഹാമാണ് ഭർത്താവ്‌.

Be the first to comment

Leave a Reply

Your email address will not be published.


*