കണ്ണൂർ: കണ്ണൂർ സിപിഐഎമ്മിലെ വിഭാഗീയതയുടെ ആദ്യ ബോംബ് പൊട്ടിച്ച വി കുഞ്ഞികൃഷ്‌ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിത്തന്നെ തുടരുകയാണ്. കരിവെള്ളൂർ രക്തസാക്ഷി മണ്ഡപത്തിൽ ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടി ബന്ധമുള്ള ഇടങ്ങളിലൂടെയാണ് കുഞ്ഞികൃഷ്‌ണൻ ആദ്യഘട്ടത്തിൽ പ്രചാരണം മുന്നോട്ട് കൊണ്ട് പോകുന്നത്.
തിങ്കളാഴ്‌ച (മാർച്ച് 23) രാവിലെ 10.30 ന്യുഡിഎഫ് നേതാക്കളോടൊപ്പം കുഞ്ഞികൃഷ്‌ണൻ പയ്യന്നൂർ താലൂക്ക് ഓഫിസിൽ എത്തി നാമനിർദേശപത്രിക സമർപ്പിക്കും. അതിനിടെ ഫേസ് ബുക്കിലൂടെ താൻ എന്തിനു മത്സരിക്കുന്നു എന്നത് അദ്ദേഹം വ്യക്തമാക്കി.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
“ഞാൻ ഇതേവരെ ഒരു പൊതുതെരഞ്ഞെടുപ്പിലും മത്സരിച്ച ആളല്ല. നേരത്തെ മത്സരിക്കാൻ ആലോചിച്ചിരുന്ന ആളുമല്ല. എന്നിട്ടും ഞാനിപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കേണ്ടി വന്നു. അതിൻ്റെ കാരണവും സാഹചര്യവും എനിക്ക് ജനങ്ങളോട് പറയാൻ ബാധ്യതയുണ്ട് എന്നാണ് എൻ്റെ വിശ്വാസം. കഴിഞ്ഞ അഞ്ച് വർഷമായി എൻ്റെ പാർട്ടിയായിരുന്ന സിപിഐഎമ്മിനകത്ത് പയ്യന്നൂരിൽ നടന്ന വൻ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ ഞാൻ സമരത്തിലായിരുന്നു. ഇതിൽ രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുണ്ട് എന്ന കാര്യമാണ് എന്നെ ഏറെ ചിന്തിപ്പിച്ചതും പ്രയാസപ്പെടുത്തിയതും.
പക്ഷെ ഒരിക്കൽ പോലും പാർട്ടി നേതൃത്വം അഴിമതിക്കാരനെ മാതൃകാപരമായി ശിക്ഷിക്കാനുള്ള ആലോചന നടത്തിയില്ല. മാത്രമല്ല സത്യം പൂർണമായി മനസിലാക്കിയിട്ടും അവർ അഴിമതിക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് കമ്മ്യൂണിസ്‌റ്റ് പാർട്ടിക്ക് യോജിച്ച നിലപാടല്ല. പാർട്ടി ഘടകത്തിനകത്തും നിരവധി ഉയർന്ന പാർട്ടി നേതാക്കളുടെ മുന്നിലും ഞാൻ തെളിവ് സഹിതം കാര്യങ്ങൾ അവതരിപ്പിച്ചിട്ടും ഒരു ഫലവുമില്ലെന്ന് കണ്ടപ്പോഴാണ് ഞാൻ സത്യം ജനങ്ങളോട് വിളിച്ച് പറയാൻ തീരുമാനിച്ചതും പുസ്‌തകം പ്രസിദ്ധീകരിച്ചതും.
ജനങ്ങളോടും കമ്മ്യൂണിസ്റ്റ് ധാർമ്മികതയോടും വിധേയപ്പെട്ടു നിൽക്കുന്ന എനിക്ക് മറ്റ് വഴിയില്ലായിരുന്നു. വാസ്‌തവത്തിൽ വർഗവഞ്ചകനും കോടാലിക്കയ്യുമൊക്കെ അഴിമതിക്കാരാണ്. ഞാനല്ല കമ്മ്യൂണിസ്‌റ്റ് പാർട്ടിയെ നശിപ്പിക്കുന്നതും ജനങ്ങളെ വഞ്ചിക്കുന്നതും. അഴിമതിക്കാരാണ്. ഇത് പാർട്ടി പ്രവർത്തകരും അണികളും തിരിച്ചറിയുമെന്ന് തന്നെയാണ് എൻ്റെ വിശ്വാസം. പയ്യന്നൂരും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി പാർട്ടി പ്രവർത്തകരും അനുഭാവികളും കഴിഞ്ഞ കുറേ ദിവസങ്ങളായി എന്നെ വിളിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഈ പോരാട്ടം മുന്നോടു കൊണ്ടു പോകണമെന്നും പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും ഞാൻ ഒരു തീരുമാനവും എടുത്തിരുന്നില്ല.
എന്നാൽ ആരോപണ വിധേയനെതന്നെ ജനങ്ങളോടുള്ള വെല്ലുവിളിയെന്നോണം സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ, ഞാൻ തന്നെ തുടങ്ങി വെച്ച സമരത്തിൽ നിന്നും ഒളിച്ചോടുന്നത് ശരിയല്ല എന്നാണ് എൻ്റെ മനസ് പറഞ്ഞത്. അങ്ങനെയാണ് ഞാൻ തെരഞ്ഞെടുപ്പിൻ മത്സരിക്കാൻ തീരുമാനിക്കുന്നത്. എനിക്ക് ആളും അർഥവും ആരവങ്ങളും ഒക്കെ പരിമിതമാണെന്നറിയാം. എങ്കിലും എനിക്ക് കഴിയുന്ന സ്ഥലങ്ങളിലെല്ലാം ഞാൻ ജനങ്ങളോട് സത്യം വിളിച്ച് പറയും. ഈ പരിമിതി ജനങ്ങൾ മനസിലാക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നതും“, എന്ന് കുഞ്ഞികൃഷ്‌ണൻ ഫേസ്ബുക്കിൽ കുറിച്ചു.
അഴിമതിക്കെതിരെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം എന്ന നിലയിലാണ് ഇതി കാണുന്നത്. സത്യം വിജയിച്ച് കാണണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഈ സാഹചര്യത്തിൻ്റെ പ്രാധാന്യം തിരിച്ചറിയുമെന്നും സത്യത്തിൻ്റെ പക്ഷം ചേരുമെന്നും വിശ്വസിക്കുന്നുവെന്നും വി കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി.
താൻ ഉയർത്തുന്ന കാര്യങ്ങളോട് യോജിക്കുന്ന മറ്റ് വ്യക്തികളുടെയും സംഘടനകളുടെയും സഹായവും ഈ കാര്യത്തിൽ പ്രതീക്ഷിക്കുന്നുവെന്നും കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി. യുഡിഎഫ് നേതൃത്വത്തെ ഉൾപ്പെടെ പ്രചാരണ രംഗത്തേക്ക് ഇറക്കിക്കൊണ്ട് വരും ദിവസങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാൻ തന്നെയാണ് വി കുഞ്ഞികൃഷ്‌ണൻ്റെ തീരുമാനം.
അതേസമയം മുൻ എംഎൽഎ പികെ ശ്രീമതി ടീച്ചറുടെ നേതൃത്വത്തിലാണ് എതിർ സ്ഥാനാർഥി മധുസൂദനൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നത്. അതിനാൽ തന്നെ താൻ ആരുടെയും സ്ഥാനാർഥി അല്ലെന്നും സ്വതന്ത്ര സ്ഥാനാർഥിയാണെന്നും എല്ലാ വിഭാഗം വോട്ടർമാരുടെ പിന്തുണയും തേടുമെന്നും വി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. സത്യം നിലനിൽക്കണമെന്ന് ബോധ്യമുള്ള എല്ലാവർക്കും വോട്ട് ചെയ്യാം എന്നും കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി.



Be the first to comment