ഗുരുവായൂരിൽ വീണ്ടും വർഗീയ പരാമർശവുമായി ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നവർക്ക് അമ്പലത്തിലെ കാര്യങ്ങൾ നോക്കാൻ നേരം ഉണ്ടാകില്ല. ഗുരുവായൂർ ക്ഷേത്രത്തോട് താത്പര്യമില്ലാത്തവരാണ് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദിക്കേണ്ട ചുമതല ഭാരതീയ ജനതാപാർട്ടിയ്ക്കുണ്ട്. അവിടുത്തെ എല്ലാകാര്യങ്ങളും ഞങ്ങൾ അന്വേഷിക്കും. ഗുരുവായൂരിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം നരേന്ദ്ര മോദി സർക്കാർ നൽകിയിട്ടുള്ള വികസനം മാത്രമാണ്.
പിണറായി സർക്കാരിലെ ഏറ്റവും വലിയ മാലിന്യം എം ബി രാജേഷ് ആണ്. മുകളിൽ പൂന്തോട്ടം താഴെ മാലിന്യം അതാണ് അവസ്ഥയെന്നും ബി ഗോപാലകൃഷ്ണൻ വിമർശിച്ചു. കെ കരുണാകരൻ ഹിന്ദു കളക്ടർ ഈ നാട്ടിൽ വേണമെന്ന് പറഞ്ഞതിന് താൻ സാക്ഷിയാണ്. ഗുരുവായൂർ അമ്പലത്തിൽ എല്ലാ മാസവും തൊഴാൻ പോകുന്ന ആളായത് കൊണ്ട് ഹിന്ദു കളക്ടർ വേണമെന്ന് കരുണാകരൻ പറഞ്ഞു. മതം നോക്കിയാണോ സ്ഥാനാർഥികളെ നിർത്തുന്നത് എന്നകാര്യം മലപ്പുറത്ത് പോയാണ് ചോദിക്കേണ്ടതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, വിവാദ പരാമർശത്തിൽ റിപ്പോർട്ട് തേടിയിരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടറോട് ആണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ചതിനുശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടാകുക. ബി ഗോപാലകൃഷ്ണന്റെ ഗുരുവായൂർ മലപ്പുറം പരാമർശത്തിനെതിരെ വലിയ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
സിപിഐഎം അടക്കമുള്ള വിവിധ സംഘടനകൾ സ്ഥാനാർഥിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ബി ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.പൊന്നാനി കേരളത്തിലെ മുസ്ലിങ്ങളുടെ ആസ്ഥാനമാണ്. അവിടെ ഹിന്ദു എംഎൽഎ മാർ ഉണ്ടായിട്ടുണ്ട്.
ഗുരുവായൂരിൽ നേരെ തിരിച്ചു സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ കേരളത്തിന്റെ മത സൗഹാർദത്തിന്റെ സവിശേഷതകളാണ്. ബിജെപി ജാതിയും മതവും പറഞ്ഞാണ് വോട്ട് പിടിക്കാൻ നോക്കുന്നത് അക്കാര്യത്തിൽ ഒരു അത്ഭുതവും ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു.
എന്നാൽ ഗുരുവായൂർ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി ഗോപാലകൃഷ്ണൻ. താൻ മതം പറഞ്ഞു വോട്ട് ചോദിച്ചിട്ടില്ലെന്നും ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Be the first to comment