ചൂട്, വ്യായാമം എന്നിവമൂലം ശരീരം കാണിക്കുന്ന ലളിതമായ പ്രതികരണമായിട്ടാണ് സാധാരണയായി വിയര്‍പ്പിനെ കാണുന്നത്. ശരീരം ഒരു കാരണവും ഇല്ലാതെ വിയര്‍ക്കുന്നില്ല. ഒരു വ്യക്തി എത്ര വിയര്‍ക്കുന്നു, എപ്പോഴൊക്കെ, ഏതൊക്കെ ഭാഗങ്ങളില്‍… ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരത്തിനുളളില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനുള്ള വ്യക്തമായ സൂചന ലഭിക്കും. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് ആരോഗ്യ പ്രശ്‌നങ്ങളെ നേരത്തെ കണ്ടെത്താന്‍ ഇത് സഹായിക്കും.
എല്ലാ വിയര്‍പ്പും ഒരുപോലെയല്ല
വിയര്‍പ്പ് നാഡീവ്യവസ്ഥയാല്‍ നിയന്ത്രിക്കപ്പെടുകയും ഹോര്‍മോണുകള്‍, ശരീരത്തിലെ താപനില, വികാരങ്ങള്‍ എന്നിവയാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. രണ്ട് കാരണങ്ങളാണ് വിയര്‍പ്പിന് പിന്നിലുള്ളത്
1 ചൂടും ശാരീരിക പ്രവര്‍ത്തനങ്ങളും മൂലം
2 സമ്മര്‍ദ്ദമോ വികാരങ്ങളോ മൂലം
ഇങ്ങനെ വ്യക്തമായ കാരണങ്ങള്‍ ഒന്നും ഇല്ലാതെ പാറ്റേണ്‍ മാറുമ്പോള്‍ അതിനര്‍ഥം ശരീരം കൂടുതല്‍ ആഴത്തിലുള്ള എന്തിന്റെയെങ്കിലും സൂചന നല്‍കുന്നുവെന്നാണ്.
രാത്രിയിലെ അമിത വിയര്‍പ്പ്
വിയര്‍പ്പില്‍ നനഞ്ഞ് ഉറങ്ങുന്നത് കാലാവസ്ഥയുടെ കാരണമായേക്കാം. എന്നാല്‍ തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.മനുഷ്യര്‍ വിയര്‍ക്കുന്നത് സ്വാഭാവികമായും ശാരീരിക പ്രതികരണമാണെങ്കിലും വിയര്‍പ്പുമായി ബന്ധപ്പെട്ട ചില രീതികള്‍ നിസ്സാരമായി കാണരുത്. രാത്രിയിലെ അമിത വിയര്‍പ്പിനോടൊപ്പം പനി, ശരീരഭാരം കുറയല്‍, ക്ഷീണം എന്നിവയൊക്കെയുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ചിലതരം വിട്ടുമാറാത്ത രോഗങ്ങള്‍, അണുബാധകള്‍ എന്നിവയൊക്കെയാകാം ഇതിനുള്ള രകാരണങ്ങള്‍.
അധ്വാനമൊന്നും ഇല്ലാതെ പെട്ടെന്നുണ്ടാകുന്ന അമിത വിയര്‍പ്പ്
ശാരീരിക അധ്വാനമില്ലാതെ അമിതമായി വിയര്‍ക്കുന്നത് പലപ്പോഴും സമ്മര്‍ദ്ദം മൂലമോ ചൂട് കൂടുതല്‍ കൊണ്ടോ ആയിരിക്കും. എന്നാല്‍ ഇക്കാരണംകൊണ്ടല്ലാതെയുണ്ടാകുന്ന വിയര്‍പ്പിനെ സൂക്ഷിക്കണം. മിക്ക അവസരങ്ങളിലും ആളുകള്‍ ഈ ലക്ഷണങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. തൈറോയിഡ് അസന്തുലിതാവസ്ഥ, അണുബാധകള്‍ അല്ലെങ്കില്‍ എന്തെങ്കിലും മരുന്നുകളുടെ പാര്‍ശഫലം എന്നിവയുമായി ബന്ധപ്പെട്ടേക്കാം.
തണുത്തതും ഒട്ടിപിടിക്കുന്നതുമായ വിയര്‍പ്പ്
തണുത്തതും ഒട്ടിപിടിക്കുന്നതുമായ വിയര്‍പ്പ് പ്രത്യേകിച്ച് പെട്ടെന്ന് ഉണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.ഇത് അമിത സമ്മര്‍ദ്ദത്തോടുള്ള പ്രതികരണമായും ഹൃദയാഘാതം,അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ കുറവുകൊണ്ടും സംഭവിക്കാവുന്നതാണ്.
ഹൃദയവും ഉപാപചയവുമായുള്ള ബന്ധം
വിയര്‍പ്പും ഹൃദയവും ഉപാപചയവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ‘ജേണല്‍ ഓഫ് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി’യിലെ ഒരു പഠനം പറയുന്നത് വിയര്‍പ്പ് ഹൃദ്രോഗികളില്‍ കാണപ്പെടുന്ന ഒരു സാധാരണ ലക്ഷണമാണെന്നും ഹൃദയ സംബന്ധമായ രോഗമുള്ളവരെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ കണ്ടെത്താന്‍ ഇത് കൊണ്ട് സാധിക്കും എന്നുമാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതും അമിത വിയര്‍പ്പിന് കാരണമാകും.
ശരീരത്തിലെ ഏത് ഭാഗമാണ് വിയര്‍ക്കുന്നത്
ശരീരത്തിന്റെ ഏത് ഭാഗമാണ് വിയര്‍ക്കുന്നത് എന്നത് നോക്കി രോഗത്തിന്റെ സൂചന നല്‍കുന്നു. കൈപ്പത്തി, കാലുകള്‍ ഇവ വിയര്‍ക്കുന്നത് സമ്മര്‍ദ്ദം മൂലമാകാം. മുഖം അമിതമായി വിയര്‍ക്കുന്നത് അമിത ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ഉപാപചയ അവസ്ഥകളോ ആയി ബന്ധപ്പെട്ടാണ്. ശരീരത്തിന്റെ ഒരു വശത്ത് മാത്രം ഉണ്ടാകുന്ന വിയര്‍പ്പ് സ്ഥിരമാണെങ്കില്‍ ഇത് വ്യവസ്ഥാപരമായ പല പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
പേടിക്കേണ്ടത് എപ്പോഴാണ്
- കാരണമില്ലാതെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന വിയര്‍പ്പ്
- വസ്ത്രങ്ങളും കിടക്കകളും നനയുന്നതുപോലെയുളള രാത്രിയിലെ വിയര്‍പ്പ്
- ശരീരഭാരം കുറയല്‍, പനി അല്ലെങ്കില്‍ ക്ഷീണം എന്നിവയോടൊപ്പം ഉണ്ടാകുന്ന വിയര്‍പ്പ്
- നെഞ്ചില്‍ അസ്വസ്ഥത,തലകറക്കം ഇവയോടൊപ്പമുള്ള വിയര്‍പ്പ്



Be the first to comment