ശത്രു കപ്പലുകള്‍ ഒഴികെയുള്ളവയ്ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തിട്ടുണ്ട്:ഇറാന്‍

ശത്രു കപ്പലുകള്‍ ഒഴികെയുള്ളവയ്ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നിട്ടുണ്ടെന്ന് ഇറാന്‍. പ്രതിസന്ധിക്ക് കാരണം യുഎസ്-ഇസ്രായേല്‍ ആക്രമണമാണെന്ന് ഇറാന്‍ വിശദീകരിച്ചു. ഇറാന്‍ മുന്‍ഗണന നല്‍കുന്നത് നയതന്ത്രത്തിനെന്നും യുഎന്‍ മാരിടൈം സംഘടനയിലെ ഇറാന്‍ പ്രതിനിധി അലി മൗസവി പറഞ്ഞു. ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് പരസ്പര വിശ്വാസം അനിവാര്യമാണെന്നും ഇറാന്‍ അറിയിച്ചു.

ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതനിലയങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനുമായുള്ള സഹകരണം തുടരുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട് സുരക്ഷ പൂര്‍ണമായി ഉറപ്പുവരുത്തിയ ശേഷം ശത്രുരാജ്യങ്ങളുടേതല്ലാത്തെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടന്നുപോകാമെന്നും അലി മൗസവി വ്യക്തമാക്കി. പരസ്പര വിശ്വാസവും നയതന്ത്രവും ഇറാന് പരമപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതനിലയങ്ങള്‍ തകര്‍ക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈദ്യുതി നിലയങ്ങള്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ മറുപടി. ഇസ്രയേലിന്റെ ആയുധപ്പുരയെന്ന് അറിയപ്പെടുന്ന ഡിമോണ ആണവനിലയം ഇറാന്‍ ആക്രമിച്ചു.

യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് സ്ഥിതിഗതികള്‍ മാറി. ഇറാന്‍ കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കിലും താനതിന് തയാറല്ലെന്ന് ട്രംപ് വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ മുന്നോട്ടുവച്ച കടുത്ത നിബന്ധനകള്‍ ഈജിപ്തും ഖത്തറും അമേരിക്കയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടെ അടുത്ത രണ്ടോ മൂന്നോ ആഴ്ചയില്‍ യുദ്ധം അവസാനിപ്പിക്കാമെന്ന അമേരിക്കയുടെ പ്രതീക്ഷ അസ്ഥാനത്തായി.

Be the first to comment

Leave a Reply

Your email address will not be published.


*