ടെഹ്റാൻ∙ ഇസ്രയേലിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇറാൻ മിസൈലുകൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ പറഞ്ഞു.
അതിനിടെ, യുഎസ് തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ. ഊർജകേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്റെ മുന്നറിയിപ്പ്.
‘‘ഞങ്ങളുടെ നശിപ്പിക്കപ്പെട്ട ഊർജ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നത് വരെ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചിടും. തുറക്കില്ല’’– എന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചത്.
എന്നാൽ ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ പാടേ തകർക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ ഊർജ സംസ്കരണ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലും പരിഹരിക്കാനാകാത്തവിധം നാശമുണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും പറഞ്ഞിരുന്നു. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മൂസിലൂടെയാണ് കടന്നുപോകുന്നത്.



Be the first to comment