എണ്ണവില 113 ഡോളര്‍, രൂപ റെക്കോര്‍ഡ് താഴ്ചയില്‍; 94ലേക്ക്, രാജ്യം വിലക്കയറ്റ ഭീതിയില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയില്‍ തുടര്‍ന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. നിലവില്‍ 93.89 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞയാഴ്ചയാണ് രൂപ 93ന് താഴേക്ക് ഇടിഞ്ഞത്. ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നതാണ് രൂപയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളര്‍ കടന്നിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില കുതിച്ചുയരാന്‍ കാരണം.

എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെയാണ് എണ്ണവില ഏറ്റവുമധികം ബാധിക്കുന്നത്. ഇറക്കുമതി ചെലവ് വര്‍ധിച്ചതാണ് രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കുന്നത്. എണ്ണ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ വേണ്ടിവരുന്ന അവസ്ഥയാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ പരിശോധിച്ചാല്‍ രൂപയുടെ മൂല്യത്തില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് എണ്ണയ്ക്ക് പുറമേ ഇലക്ട്രോണിക്‌സ്, വ്യാവസായിക ഘടക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും ചെലവേറിയതായിട്ടുണ്ട്. ഇത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*