അനുവദിച്ച പണം പിന്‍വലിക്കാനുള്ള അപേക്ഷ പോലും തന്നില്ല; കേരളത്തിനെതിരെ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. കേരളത്തിന് അനുവദിച്ച പണം സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 311. 95 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്ന് നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു.

കോണ്‍ഗ്രസിലെ മാണിക്കം ടോഗോറിന്റെ ചോദ്യത്തിന് മറുപടിയായാണ് കേരളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. പണം അനുവദിക്കുന്നത് ഒരു വിഷയം. ആ പണം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നല്‍കുക എന്ന പ്രക്രിയ കൂടിയുണ്ട്. അതിനുപോലും കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കേരളത്തിനായി 311.95 കോടി രൂപയാണ് നീക്കിവെച്ചത്. ഇതില്‍ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അപകടസാധ്യത കുറയ്ക്കാനുള്ള പദ്ധതിക്കായി 72 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്ത് കാട്ടുതീ തടയല്‍ പദ്ധതിക്കായി 17. 73 കോടിയും അനുവദിച്ചിരുന്നു. തിരുവനന്തപുരത്തിനായി നഗരത്തിലെ പ്രളയസാധ്യത തടയാനുള്ള പദ്ധതിക്കായി 222 .22 കോടി രൂപയും അനുവദിച്ചു.

എന്നാല്‍ അനുവദിച്ച ഈ പണമൊന്നും പിന്‍വലിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന ആരോപണത്തിനിടെയാണ്, കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*